മനാഫ് വധക്കേസ്: പി വി അൻവറിന്റെ അനന്തരവൻ കുറ്റക്കാരനെന്ന് കോടതി; വിധി നാളെ

manaf murder case
വെബ് ഡെസ്ക്

Published on Nov 28, 2025, 04:58 PM | 1 min read

മലപ്പുറം : യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന ഓട്ടോ ഡ്രൈവർ ഒതായി പള്ളിപ്പറമ്പൻ മനാഫിനെ ഒതായി പട്ടാപ്പകൽ അടിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കുറ്റക്കാരനാണെന്ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. ഐപിസി 302 വകുപ്പ് പ്രകാരം കൊലപാതകക്കുറ്റമാണ് തെളിഞ്ഞത്. വിധി നാളെ പ്രഖ്യാപിക്കും. രണ്ടാം പ്രതി ഷെഫീഖിന്റെ സഹോദരൻ ഷെരീഫ്, മൂന്നാം പ്രതി നിലമ്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ്, നാലാം പ്രതി എളമരം മപ്രം പയ്യനാട്ട്തൊടിക കബീർ എന്ന ജാബിർ എന്നിവരെ വെറുതെവിട്ടു. മുൻ എംഎൽഎ പി വി അൻവറിന്റെ സഹോദരീപുത്രനാണ് ഷെഫീഖ്.


കൊലപാതകം നടന്ന് ശേഷം വിദേശത്തേക്കു കടന്ന് 25 വർഷം ഒളിവിൽ കഴിഞ്ഞ പ്രതികളെയാണ് വിചാരണക്കെത്തിച്ചത്. സിബിഐയുടെ മുൻ സീനിയർ സ്പെഷൽ പ്രോസിക്യൂട്ടർ വി എൻ അനിൽകുമാറായിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർ. 1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകലാണ് മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായിരുന്നു പി വി അൻവർ. ഏഴാം പ്രതിയായിരുന്ന അൻവറിന്റെ പിതാവ് പി വി ഷൗക്കത്തലി കുറ്റപത്രം സമർപ്പിക്കും മുമ്പെ മരണപ്പെട്ടു. നിരവധി ദൃക്സാക്ഷികളുണ്ടായിരുന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അൻവർ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2009തിൽ വെറുതെവിട്ടത്.


അബ്ദുൽറസാഖ് കോടതിയെ സമീപിച്ചതോടെ മറ്റു നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടാൻ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് അൻവറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ് ഉൾപ്പെടെ മൂന്നു പ്രതികൾ കീഴടങ്ങിയത്. കോവിഡ് കാലത്ത് ഷാർജയിൽ നിന്നും ചാർട്ടേഡ് ഫ്ളൈറ്റിൽ കരിപ്പൂരിലെത്തിയപ്പോൾ 2020 ജൂൺ 24നാണ് ഒന്നാം പ്രതി ഷെഫീഖ് അറസ്റ്റിലായത്. പി വി അൻവർ അടക്കം വെറുതെവിട്ട 21 പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള അബ്ദുൽറസാഖിന്റെ റിവിഷൻ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home