മുഖ്യമന്ത്രി ദുബായിൽ: കേരളോത്സവം ഡിസംബർ 1നും 2നും

cm pinarayi vijayan
വെബ് ഡെസ്ക്

Published on Nov 28, 2025, 04:29 PM | 2 min read

ദുബായ് : യുഎഇയുടെ 54–ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബർ ഒന്നിനും രണ്ടിനും ദുബായ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഒന്നിന് വൈകിട്ട്‌ 6.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, ലോക കേരള സഭ അംഗങ്ങൾ, സാമൂഹ്യ, സാംസ്‌കാരിക, ബിസിനസ്‌ രംഗത്തെ പ്രമുഖർ, ദുബായിലെ സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഓർമ വാദ്യസംഘത്തിന്റെ പ്രകടനവും 500 വനിതകളടങ്ങിയ മെഗാ തിരുവാതിരയും മസാല കോഫി ബാൻഡിന്റെ സംഗീത പരിപാടിയും ആദ്യ ദിവസം നടക്കും. വിധു പ്രതാപും രമ്യ നമ്പീശനും പങ്കെടുക്കുന്ന സംഗീത നിശയും രാജേഷ് ചേർത്തലയുടെ വാദ്യമേള ഫ്യൂഷനും രണ്ടാം ദിനം നടക്കും. നൂറോളം വർണക്കുടകൾ ഉൾപ്പെടുത്തിയുള്ള കുടമാറ്റവും ആനയും ആനച്ചമയവുമുണ്ടാകും. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയുള്ള സാംസ്‌കാരിക ഘോഷയാത്രയിൽ പൂക്കാവടികൾ, തെയ്യം, കാവടിയാട്ടം, നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങൾ വർണവിസ്‌മയമൊരുക്കും. തെരുവുനാടകങ്ങൾ, തിരുവാതിര, ഒപ്പന, മാർഗംകളി, കോൽക്കളി, പൂരക്കളി സംഗീതശിൽപ്പം, സൈക്കിൾ യജ്ഞം തുടങ്ങിയ നിരവധി പരിപാടികളുമുണ്ടാകും. കേരളത്തിന്റെ തനത് നാടൻരുചി വിഭവങ്ങളുമായി വിവിധ ഭക്ഷണ ശാലകൾ, തട്ടുകടകൾ തുടങ്ങിയവും പരിപാടിയിലുണ്ടാകും.


സാഹിത്യ സദസ്സിനോടനുബന്ധിച്ച് എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സംവാദങ്ങൾ, പുസ്‌തകശാല, കവിയരങ്ങ്, പ്രശ്നോത്തരികൾ യുഎഇയിലെ ചിത്രകാരന്മാരുടെ തത്സമയ പെയിന്റിങ്ങും കേരളത്തിന്റെ ചരിത്രവും പോരാട്ടത്തിന്റെ നാൾവഴികളും ഉൾക്കൊള്ളുന്ന ചരിത്ര പുരാവസ്തുപ്രദർശനങ്ങളും ഒരുക്കും. മലയാളം മിഷൻ കുട്ടികളുടെ സർഗാത്മകത പ്രദർശിപ്പിക്കാനുള്ള അവസരവും മലയാളം മിഷനിൽ ചേരാനുള്ള രജിസ്ട്രേഷൻ സൗകര്യവും മേളയിലുണ്ടാകും. നോർക്ക, പ്രവാസി ക്ഷേമനിധി, നോർക്ക കെയർ ഇൻഷുറൻസ്‌, കെഎസ്എഫ്ഇ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.


സംഘാടക സമിതി ഭാരവാഹികളായ ഒ വി മുസ്‌തഫ, എൻ കെ കുഞ്ഞമ്മദ്, ഷിജു ബഷീർ, അനീഷ് മണ്ണാർക്കാട്, ഡോ. നൗഫൽ പട്ടാമ്പി, ജിജിത അനിൽകുമാർ, സി കെ റിയാസ്, അംബുജാക്ഷൻ, പ്രായോജകരായ ബോട്ടിമിന്റെ ഓഫ്‌ലൈൻ ആക്ടിവേഷൻ മാനേജർ രവി തങ്കപ്പൻ, റെമിറ്റനസ് മാനേജർ ഖൈസ് ബദറുദീൻ, ഒ ഗോൾഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ ഡോ. ഫഹ്‌മി ഇസ്‌ക്കന്ദർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home