ജിഇ മിക്‌സഡ് ഗെയിംസ് സംസ്ഥാനതലത്തിൽ പരിഗണിക്കും: മന്ത്രി

മുഹമ്മ
ലോകത്ത് ആദ്യമായി തുടങ്ങിയ ജെൻഡർ ഇക്വാളിറ്റി മിക്‌സഡ് ഗെയിംസ് സംസ്ഥാനതലത്തിൽ നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്മാൻ പറഞ്ഞു. ഇത് പുതിയൊരു കായികസംസ്‌കാരമായി വളർത്തിയെടുക്കാനാകും. സംസ്ഥാന സർക്കാരിന്റെ കളിക്കളങ്ങൾ വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി മുഹമ്മ എ ബി വിലാസം ഹയർസെക്കൻഡറി സ്‌കൂൾ സന്ദർശിച്ച് സ്‌പോർട്സ് കിറ്റ് സമ്മാനിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുഹമ്മ എ ബി വിലാസം സ്‌കൂളിലെ പൂർവവിദ്യാർഥിയും ക്രിക്കറ്റ് പരിശീലകനുമായ പ്രശാന്ത് പരമേശ്വരനും കായികാധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ വി സവിനയനും ചേർന്ന് രണ്ടര വർഷത്തെ പരിശ്രമഫലമായി രൂപപ്പെടുത്തിയതാണ് ഈ പുതിയ ഗെയിം. മിക്‌സഡ് വോളിബോൾ, മിക്‌സഡ് അയൺ ഗെയിം മത്സരങ്ങൾ കഴിഞ്ഞ ദിവസം മുഹമ്മയിൽ സംഘടിപ്പിച്ചിരുന്നു. എൽപി വിഭാഗം കുട്ടികൾമുതൽ പ്രായം ചെന്നവർക്കുവരെ ഈ ഗെയിമിൽ പങ്കെടുക്കാം. ഒരു ടീമിൽത്തന്നെ പുരുഷന്മാരും സ്‌ത്രീകളും തുല്യരായി പങ്കെടുത്തു മത്സരിക്കുന്നു എന്നതാണ് പ്രത്യേകത. പുതിയ ഗെയിമിനെക്കുറിച്ച് പ്രശാന്ത് പരമേശ്വരൻ, വി സവിനയൻ എന്നിവരിൽനിന്ന് മന്ത്രി ചോദിച്ചുമനസിലാക്കി. യുവതലമുറയെ മദ്യം, മയക്കുമരുന്ന് അമിതമായ ഫോൺ ഉപയോഗം എന്നിവയിൽനിന്ന് അകറ്റിനിർത്തുകയാണ് ലക്ഷ്യമെന്ന് ഇരുവരും മന്ത്രിയോട് പറഞ്ഞു. കളിയുടെ നിയമങ്ങൾ ഉൾപ്പെടെ കാര്യങ്ങൾ വിശദമായി മനസിലാക്കുന്നതിനായി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു.
0 comments