ഇന്ധനവിലയും ഇരുട്ടടിയായി
ഇന്ധനവിലയും ഇരുട്ടടിയായി ബ്രേക്ക്‌ഡൗണിലേക്ക് ഗിഗ് മേഖല

പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം
സ്വന്തം ലേഖകൻ
ആലപ്പുഴ
മോദി സർക്കാർ രാജ്യത്ത് പെട്രോൾ വിലവർധന അടിച്ചേൽപ്പിച്ചതോടെ ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് ഡെലിവറി (ഗിഗ്) ജീവനക്കാർ. വിലവർധനയ്‌ക്ക് അനുസരിച്ച് ഡെലിവറി കമ്പനികൾ അടിസ്ഥാന നിരക്കോ കിലോമീറ്റർ നിരക്കോ വർധിപ്പിക്കാൻ തയ്യാറാകാത്തതാണ് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നത്. പാചകവാതകക്ഷാമത്തെ തുടർന്ന് ഓർഡറുകളുടെ എണ്ണത്തിലും വലിയ കുറവാണ്. ഇൗ പ്രതിസന്ധിക്കിടെയാണ് ഇരട്ടിപ്രഹരമായി ഇന്ധന വിലവർധന. ഇതോടെ വരുമാനത്തിന്റെ പകുതിയും പെട്രോൾ അടിക്കാനേ തികയൂ. ദിവസം 30–60 കിലോമീറ്റർ ബൈക്ക് ഓടണം. പ്രതിദിനം 25 ഡെലിവറിയെങ്കിലും നടത്തിയാലേ ജീവിച്ചുപോകാനുള്ളത് മാസാവസാനം കിട്ടൂ. ഇതിനുപുറമെ ഭക്ഷണത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കും തുക കണ്ടെത്തണം. പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്നതാണ് ജോലി. ഗതാഗതക്കുരുക്കും പ്രതിസന്ധി രൂക്ഷമാക്കും. കിലോമീറ്ററിന് 10 മുതൽ 15 രൂപവരെയാണ് ലഭിക്കുന്നത്. ദിവസം 15ൽ കൂടുതൽ ഓർഡറുകർ പൂർത്തീകരിച്ചാലേ ഇൻസെന്റീവ് ഉൾപ്പടെ ലഭിക്കു. രാത്രി 11നുശേഷമുള്ള ഓർഡറുകൾക്ക് കൂലിയും കുറച്ചിരുന്നു. ഹോട്ടലുകളിൽ കാത്തുനിൽക്കേണ്ടിവരുന്ന സമയത്തിന് നൽകിയ കൂലിയും വെട്ടിക്കുറച്ചു. ഡെലിവറി വൈകിയാൽ വിതരണത്തൊഴിലാളികൾക്ക് പിഴയാണ്. സമയക്രമം പാലിക്കാനുള്ള ഓട്ടപ്പാച്ചിലിനിടെ അപകടങ്ങൾ പതിവാണ്. ചില കമ്പനികൾ അപകടമരണത്തിനേ ഇൻഷുറൻസ് ആനുകൂല്യമുള്ളൂ. ചില കമ്പനികളിൽ ടാർജറ്റ് തികയ്‌ക്കുന്നവർക്കുമാത്രമാണ് ഇൻഷുറൻസ് പരിരക്ഷ. എട്ട് കിലോമീറ്റർ കൂടുതൽ ഡെലിവറിക്കുമാത്രമേ റിട്ടേൺ കണക്കാക്കി കൂലി കിട്ടൂ. അല്ലാത്തപക്ഷം സ്വന്തംപണമെടുത്ത് ഇന്ധനം നിറയ്‌ക്കണമെന്ന വിചിത്രനിയമമാണ് സ്വിഗിയിൽ. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.










0 comments