ഉൾനാടൻ മത്സ്യത്തൊഴിലാളികൾ വിഷമത്തിൽ
ശുദ്ധജല മത്സ്യം കുറയുന്നു

പ്രതീക്ഷയുടെ വലക്കണ്ണികോർത്ത‍്... മീൻപിടിക്കാൻ കായലിലേക്ക് പോകുന്ന തൊഴിലാളികൾ. ആലപ്പുഴ ചുങ്കത്തുനിന്നുള്ള ദൃശ്യം

സ്വന്തം ലേഖകൻ
Published on May 22, 2026, 02:30 AM | 1 min read
ആലപ്പുഴ
ശുദ്ധജല മത്സ്യങ്ങൾ വൻതോതിൽ കുറയുന്നതിനാൽ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ വിഷമത്തിൽ. ജില്ലയിലെ പ്രധാന സ്രോതസായ വേന്പനാട്ടുകായലിൽ മത്സ്യങ്ങളുടെ ലഭ്യത വലിയതോതിൽ ഇടിഞ്ഞിരിക്കുകയാണെന്നും ഇത് ഉപജീവനത്തെ ബാധിക്കുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കുട്ടനാടൻ മത്സ്യങ്ങളിൽ രുചികൊണ്ട് പേരുകേട്ട കരിമീൻ, മഞ്ഞക്കൂരി, കണന്പ്, വാള, കുറുവ, ചെങ്കടി, കാളാഞ്ചി എന്നിവയുടെ ലഭ്യതയാണ് കുറഞ്ഞിരിക്കുന്നത്. കയറ്റുമതിക്കാർക്ക് പ്രിയങ്കരമായ കൊഞ്ച് വൻതോതിൽ കുറഞ്ഞു. 2019–20 കാലഘട്ടം മുതലാണ് മീനുകളുടെ കുറവ് വലിയ രീതിയിൽ ഉണ്ടായത്. കായലിലെ മാലിന്യ പ്രശ്‌നങ്ങളും തണ്ണീർമുക്കം ബണ്ട് അടയ്‌ക്കുകയും തുറക്കുകയും ചെയ്യുന്നതിന്റെ സമയക്രമവുമാണ് തിരിച്ചടിയായതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ബണ്ട് നവംബറിൽ അടച്ച് മാർച്ചിൽ തുറക്കുന്ന രീതിയാണ് നല്ലത്. ഉപ്പുവെള്ളം കയറിയാലേ മീനുകളുടെ പ്രജനനം ശരിയായ രീതിയിൽ നടക്കൂ. ഇത് മത്സ്യസന്പത്തിന് ഗുണകരമാകും. മീൻ വിപണനത്തിലും മത്സ്യത്തൊഴിലാളികൾ പ്രതിസന്ധി നേരിടുന്നുണ്ട്. സഹകരണ സംഘങ്ങൾ മീൻ എടുക്കുന്ന പ്രദേശങ്ങളിൽ നല്ല വില ലഭിക്കുന്നുണ്ട്. സംഘങ്ങൾ ഇല്ലാത്തിടത്ത് ഇടനിലക്കാരുടെ ചൂഷണം നേരിടുന്നുണ്ട്. ഇതിനാൽ വലിയ വിലക്കുറവിൽ മീൻ വിറ്റഴിക്കാൻ തൊഴിലാളികൾ നിർബന്ധിതരാവുന്നു.










0 comments