പ്രതിഷേധത്തിരയായി മത്സ്യത്തൊഴിലാളികൾ...

മത്സ്യതൊഴിലാളി യൂണിയൻ ഫിഷറീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ധർണ മത്സ്യതൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
മത്സ്യതൊഴിലാളികളുടെ ജീവന് വിലകൽപ്പിക്കാത്ത യുഡിഎഫ് സർക്കാർ അനാസ്ഥയ്‌ക്കും അവഗണനയ്‌ക്കും എതിരെ മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിച്ചു. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് മത്സ്യതൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്തു. മത്സ്യത്തൊഴിലാളി സമൂഹത്തെ വെറുപ്പോടെയും വിദ്വേഷത്തോടെയും കാണുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ചിത്തരഞ്ജൻ പറഞ്ഞു. ജോലിക്കിടെ കാണാതായ തൊഴിലാളികളെ ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്തുന്നതിൽ സർക്കാർ കാട്ടുന്ന അലംഭാവം അവഗണന വ്യക്തമാക്കുന്നതാണ്. മുതലപ്പൊഴിയിൽ മാത്രമല്ല, ജില്ലയിൽ മാരാരിക്കുളത്തുനിന്ന് കാണാതായ പുഷ്പാംഗദൻ, കരൂരിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ 16 വയസുകാരൻ സൂര്യദേവ് എന്നിവരെയും മാസങ്ങളായി ഈ സർക്കാർ കണ്ടെത്തിയിട്ടില്ല. കാണാതായി ആദ്യ 48 മണിക്കൂറിൽ തെരച്ചിൽ നടത്തിയെങ്കിൽ ഫലമുണ്ടാകുമായിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും അനങ്ങാത്തതിനാൽ ശക്തമായ പ്രതിഷേധമുയർന്നതോടെയാണ് പേരിനെങ്കിലും അന്വേഷണമാരംഭിച്ചത്– അദ്ദേഹം പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി ഐ ഹാരിസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ഷാംജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി രത്‌നകുമാർ, ജി ബിജുകുമാർ, എ എസ് സുദർശനൻ, സി സി ഷിബു, ഷീന സജി, നിർമല ശെൽവരാജ്, ജില്ലാ ട്രഷറർ പി എസ് ബാബു, ഏരിയ സെക്രട്ടറി എസ് സുദർശനൻ, സിഐടിയു ഏരിയ സെക്രട്ടറി ജെ ജയകുമാർ, സിപിഐ എം തോട്ടപ്പള്ളി ലോക്കൽ സെക്രട്ടറി വൈ പ്രദീപ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം സോമൻ, കെ കൃഷ്ണമ്മ, കെ അശോകൻ, ടി എസ് ജോസഫ് എന്നിവർ സംസാരിച്ചു.










0 comments