നെല്ല് വില ലഭ്യമായില്ല; കർഷകർ പ്രതിഷേധിച്ചു

നെല്ല് വില ലഭിക്കാത്തതിനെതിരെ കർഷകർ ചെന്നിത്തല കൃഷിഭവന് മുന്നിൽ പ്രതിഷേധിക്കുന്നു
മാന്നാർ
നെല്ല് വില ലഭിക്കാത്തതിനെതിരെ കർഷകർ കൃഷിഭവന് മുന്നിൽ പ്രതിഷേധിച്ചു. ചെന്നിത്തല പാടശേഖരത്തിലെ ഒന്നാം ബ്ലോക്കിലെ 185-ഓളം കർഷകരാണ് നെല്ലിന്റെ വില കിട്ടാത്തതിനെ തുടർന്ന് പ്രതിഷേധിച്ചത്. വായ്‌പയെടുത്തും പലിശക്ക് കടമെടുത്തുമാണ് 425 ഏക്കറോളമുള്ള പാടത്ത് നെൽകൃഷി ചെയ്തത്. കഴിഞ്ഞവർഷത്തെപ്പോലെ ഓണത്തിന് മുമ്പ് നെല്ലിന്റെ വില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. പാഡി മാർക്കറ്റിൽനിന്ന് മെയ് 20 വരെയുള്ള പിആർഎസ് ബാങ്കിലേക്ക് അയച്ചതായി പറഞ്ഞെങ്കിലും അന്വേഷിച്ചപ്പോൾ തുക ലഭിച്ചില്ലെന്ന മറുപടിയാണ് കിട്ടിയതെന്ന് ഭാരവാഹികൾ പറഞ്ഞു. പാടശേഖര സമിതി പ്രസിഡന്റ് പി ടി അജിത്കുമാർ, സെക്രട്ടറി വി കെ രാജീവൻ, കൺവീനർ എം പി രാജു, കർഷകരായ കെ വേണു, കെ ആർ ദേവരാജൻ, ടി ജി ജോസഫ്, കെ എൻ തങ്കപ്പൻ, ടി രാജു, ബിജു വിരുപ്പാലിൽ എന്നിവർ സംസാരിച്ചു.










0 comments