സംഗീതവും സംഘടനാപ്രവർത്തനവും ജീവിതമാക്കി
നാടിന്റെ ഭാസ്കരൻ സാറിന് വിട

മാവേലിക്കര
വെളുത്ത ഷർട്ടും മുണ്ടും ധരിച്ച് തോളിൽ ചുവന്ന സഞ്ചിയുമായി മാവേലിക്കര നഗരത്തിലും നാടിന്റെ ഇടവഴികളിലും നടന്ന് സിപിഐ എം – ബാലസംഘം പ്രവർത്തനവുമായി ഒരാൾ ജീവിച്ചിരുന്നു. അന്തരിച്ച ഭാസ്കരൻ സാർ എന്ന് എല്ലാവരും ആദരവോടെ വിളിച്ചിരുന്ന ആർ ഭാസ്കരൻ ഒരു വിശേഷണത്തിലും ഒതുങ്ങി നിൽക്കാത്ത പച്ചമനുഷ്യനായിരുന്നു. സംഗീത അധ്യാപകനായിരുന്നു. ജീവിതത്തിൽ ഉടനീളം ഉറച്ച കമ്യൂണിസ്റ്റ് മൂല്യവും മാനവികതയും ഉയർത്തിപ്പിടിച്ചു. ഹൃദ്രോഗവും കാൻസർ ബാധയും ശരീരത്തെ കാർന്നു തിന്നപ്പോഴും പാർടി പ്രവർത്തനത്തിൽനിന്ന് പിന്നോട്ട് മാറിയിരുന്നില്ല. തന്റെ സംസ്കാരത്തിന് മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന് മരണത്തിന് മുമ്പ് മക്കളോടും കുടുംബത്തോടും പാർടി നേതാക്കളോടും പറഞ്ഞിരുന്നു. നാലര പതിറ്റാണ്ടിലേറെ നീണ്ട സംഗീതവഴി നാദസമ്പന്നമാക്കി സുക്ഷിച്ചു. മാവേലിക്കരയുടെ ചരിത്രത്തിൽ മൺമറഞ്ഞുപോയവരും ജീവിച്ചിരിക്കുന്നവരുമായ സംഗീതപ്രതിഭകൾ അനേകമുണ്ടെങ്കിലും ഭാസ്കരനെന്ന പാട്ടുകാരൻ വ്യത്യസ്തനാണ്. വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും കെടുതികളിലായിരുന്നു ബാല്യം. തഴക്കര അറുനൂറ്റിമംഗലം ഞാറക്കാട്ട് വടക്കതിൽ കൊച്ചു രാമന്റെയും കുഞ്ഞിക്കയുടെയും ആറുമക്കളിൽ മൂന്നാമനായി 1952 നവംബർ എട്ടിന് ജനനം. കറ്റാനം മറ്റത്തേത്ത് സ്‌കൂളിലും അറുന്നൂറ്റിമംഗലം യുപി സ്കൂളിലും ഇറവങ്കര ഹൈസ്‌കൂളിലുമായി സ്‌കൂൾ പഠനം. പിന്നീട് മദ്രാസ് സർക്കാരിന്റെ കീഴിൽ സംഗീത പഠനവും പൂർത്തിയാക്കി. പഠനകാലത്ത് നിരവധി സംഗീത മത്സരങ്ങളിൽ സമ്മാനങ്ങൾ നേടി. കൃഷിപ്പണിക്കാരായിരുന്ന അച്ഛന്റെയും അമ്മയുടെയും എതിർപ്പിനെ വകവയ്ക്കാതെ സംഗീത പഠനത്തിനിറങ്ങിത്തിരിച്ച ഈ പാട്ടുകാരന് പലപ്പോഴും വിശപ്പുമറക്കാനും വിശപ്പടക്കാനും പാടേണ്ടി വന്നു. വിവിധ സ്‌കൂളുകളിൽ താൽക്കാലിക അധ്യാപകനായി ജോലി നോക്കി. സ്വന്തം വീട്ടിലും മറ്റ് വീടുകളിലും എത്തി കുട്ടികളെ സംഗീതം പഠിപ്പിച്ചു. കിലോമീറ്ററുകൾ കാൽനടയായി എത്തിയാണ് സംഗീതം അഭ്യസിപ്പിച്ചിരുന്നത്. രോഗബാധിതനാകും വരെ ഈ പതിവിനു മാറ്റമുണ്ടായില്ല. പ്രശസ്തരായ യുവഗായകരടക്കം നൂറുകണക്കിന് ശിഷ്യരുണ്ട്. സംഗീത ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും പാർടി പ്രവർത്തനത്തിനും സമയം കണ്ടെത്തിയ ഭാസ്‌കരന് ഇത് രണ്ടും ജീവവായുവായിരുന്നു. ഭാര്യ സരസമ്മ റിട്ട. എസ്ബിടി ഉദ്യോഗസ്ഥയാണ്. മക്കളായ നരേന്ദ്രനും ഭുവനേന്ദ്രനും ലക്ഷ്മിയും അച്ഛന്റെ പാത പിന്തുടർന്ന് സംഗീത രംഗത്തുണ്ട്.









0 comments