എംസിഎച്ചിൽ നവജാത ശിശുക്കൾക്കും അമ്മമാർക്കും മികച്ച പരിചരണം
ഒ ആൻഡ് ജി ബ്ലോക്കിൽ ഹാപ്പി ബർത്

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ ആൻഡ് ജി ബ്ലോക്കിന്റെ (ഒബ്സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജി) പ്രവർത്തനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Jul 15, 2025, 01:31 AM | 1 min read
വണ്ടാനം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ ഒ ആൻഡ് ജി (ഒബ്സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജി) വിഭാഗം പ്രവർത്തനമാരംഭിച്ചു. നവജാത ശിശുക്കൾക്കും അമ്മമാർക്കും മികച്ച പരിചരണം ലഭ്യമാക്കുന്നതിന് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന അത്യാധുനിക ചികിത്സാസൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയതെന്ന് ഉദ്ഘാടനംചെയ്‌ത് എച്ച് സലാം എംഎൽഎ പറഞ്ഞു. വേദനരഹിത പ്രസവത്തിന് സംവിധാനം, ഒരേസമയം ഏഴുപ്രസവം കൈകാര്യം ചെയ്യുന്നതിന് സൗകര്യം, പ്രസവവാർഡിൽ 24 കിടക്കകൾ, എമർജൻസി ഓപ്പറേഷൻ തിയറ്ററുകൾ, ഒബ്സർവേഷന് വിശാലമായ സൗകര്യം, മരുന്നുവിതരണ സംവിധാനം, വെന്റിലേറ്റർ സൗകര്യത്തോടെ അഞ്ചുകിടക്ക ഐസിയു, ഗൈനക്കോളജിയുടെ അത്യാഹിത വിഭാഗം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. നവജാത ശിശുവിഭാഗത്തിൽ 33 കിടക്ക സൗകര്യത്തിൽ മൂന്ന് ഐസിയു ഉണ്ട്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളെയും അണുബാധയേറ്റ കുട്ടികളെയും പരിചരിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങളുമുണ്ട്. ഒപ്പം അമ്മമാർക്കും നവജാത ശിശുക്കൾക്കുമായി 20 കിടക്ക സൗകര്യത്തിൽ ഒരു വാർഡുമുണ്ട്. 30 കോടി രൂപ ചെലവിട്ട ബഹുനിലമന്ദിരം ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ ഉദ്ഘാടനംചെയ്‌തിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ, സൂപ്രണ്ട് ഡോ. എ ഹരികുമാർ, ആർഎംഒ ഡോ. പി എൽ ലക്ഷ്‌മി, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതമേനോൻ, അസോ. പ്രൊഫസർമാരായ ഡോ. ഒ ജോസ്, ഡോ. പി എസ് അനസൂയ, ഡോ. റയ്ച്ചൽ അലക്‌സാണ്ടർ, ഡോ. എം പി സലിം, ഡോ. പി ആർ ശ്രീലത, ഡോ. ഗോമതി, ഡോ. പി എസ് ഷാജഹാൻ, അസി. പ്രൊഫ. ഡോ. തോമസ് കോശി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വീണ എന്നിവർ പങ്കെടുത്തു.










0 comments