ad
Deshabhimani

വ്യക്തികളെയും സംരംഭകരെയും ക്ഷണിച്ച്‌ കെഎസ്‌ഇബി

ഇ‍ൗസിയാകും ഇ വി ചാർജിങ്‌

EV Charging
avatar
ഫെബിൻ ജോഷി

Published on Feb 17, 2026, 02:56 AM | 1 min read

ആലപ്പുഴ

​വൈദ്യുത വാഹന ചാർജിങ്‌ ശൃംഖല വിപുലീകരിക്കുന്ന പിഎം ഇ–-ഡ്രൈവിൽ കൈകോർക്കാൻ സ്വകാര്യ സംരംഭകർക്കും വ്യക്തികൾക്കും അവസരം തുറന്ന്‌ കെഎസ്‌ഇബി. കേന്ദ്ര ഘന വ്യവസായ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന ആർക്കും കൈവശമുള്ള സ്ഥലത്ത്‌ അത്യാധുനിക ചാർജിങ്‌ സ്‌റ്റേഷനുകൾ സ്ഥാപിക്കാൻ കെഎസ്‌ഇബിയെ സമീപിക്കാം. ചാർജിങ്‌ ശൃംഖലയുടെ ത്വരിത വികസനത്തിന്‌ 80 ശതമാനംവരെ കേന്ദ്ര ധനസഹായം ലഭ്യമാക്കുന്ന പിഎം ഇ–-ഡ്രൈവിന്റെ കാറ്റഗറി സിയിൽ ഇതിനായി താൽപ്പര്യപത്രം ക്ഷണിച്ചു. താൽപര്യപത്രം സമർപ്പിക്കാനുള്ള അപേക്ഷയുടെ മാതൃക കെഎസ്‌ഇബിയുടെ വെബ്‌സൈറ്റിൽ (https://kseb.in/tenders). വ്യക്തികള്‍ക്കും, പ്രോപ്രൈറ്റർഷിപ്പ്, പാർട്ണർഷിപ്പ്, എൽഎൽപികൾ, കമ്പനികൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ [email protected] ഇ–മെയിൽ വഴിയും ചീഫ് എൻജിനിയർ (ആർഇഇഎസ്‌ ആൻഡ്‌ പിഇഡി), വൈദ്യുതി ഭവനം, പട്ടം, തിരുവനന്തപുരം-– 695004 എന്ന വിലാസത്തിൽ തപാൽ വഴിയും മാർച്ച്‌ 10ന്‌ വൈകിട്ട്‌ അഞ്ചിന്‌ മുമ്പ്‌ ലഭിക്കണം. അപേക്ഷകളിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി കെഎസ്‌ഇബി ഘനമന്ത്രാലയത്തിന്‌ കൈമാറും. സബ്സിഡി അനുവദിക്കൽ സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രത്തിന്റേതാണ്‌. ​മാനദണ്ഡങ്ങൾ ചാർജറുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് തർക്കങ്ങളുള്ളതാകരുത്‌. ഉടമസ്ഥാവകാശം അല്ലെങ്കിൽ കുറഞ്ഞത് അഞ്ചുവർഷത്തെ ലീസ് ഉണ്ടാവണം. പൊതുജനങ്ങൾക്ക് തടസമില്ലാത്ത പ്രവേശനവും ആവശ്യമായ പാർക്കിങ്‌ സൗകര്യവും വേണം. ഡിസ്‌കോം വഴി വൈദ്യുതി കണക്ഷൻ ലഭ്യമാക്കണം. സ്ഥലത്തിന്‌ സമീപം എച്ച്‌ടി, എൽടി ലൈൻ സ‍ൗകര്യമുണ്ടാവണം. പുതിയ സ്റ്റേഷനുകളിൽ സിസിഎസ്‌ രണ്ട്‌ വിഭാഗത്തിലുള്ള ഫാസ്റ്റ് ചാർജറുകളാണ് സ്ഥാപിക്കേണ്ടത്‌. കൂടുതൽ വിവരങ്ങൾ കെഎസ്‌ഇബി വെബ്‌സൈറ്റിൽ. ​ കാർബൺ ന്യൂട്രലിന്‌ കരുത്താകും സംസ്ഥാനത്ത് ​വൈദ്യുത വാഹന വിൽപ്പന വർധിക്കുന്ന സാഹചര്യത്തിൽ ഹൈവേകൾ, നഗര കേന്ദ്രങ്ങൾ, വ്യാപാര മേഖലകൾ എന്നിവിടങ്ങളിൽ സ്വകാര്യ വ്യക്തികളുടെയും സഹകരണത്തോടെ പുതിയ ചാർജിങ്‌ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് കാർബൺ ന്യൂട്രൽ കേരളമെന്ന കെഎസ്‌ഇബിയുടെ സ്വപ്നത്തിന്‌ കരുത്താകുമെന്നാണ്‌ കരുതുന്നത്‌. 240 കിലോവാട്ട്‌, 120 കിലോവാട്ട്‌ ശേഷിയുള്ള ചാർജറുകൾ ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായുണ്ടാകും. ചാർജ്‌ പോയിന്റ്‌ ഓപ്പറേറ്റർമാരെ തെരഞ്ഞെടുക്കാൻ കെഎസ്‌ഇബി മുമ്പ്‌ അപേക്ഷ ക്ഷണിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home