ലോഗ്‌ബുക്കിലെ പിഴവ്; ആരോപണങ്ങൾ കഴമ്പില്ലാത്തത്

കാർത്തികപ്പള്ളി
ലോഗ്ബുക്കിൽ എടുത്തെഴുതിയ പിശക് കാണിച്ച് ഉയർത്തുന്ന ആരോപണങ്ങൾ കഴമ്പില്ലാത്തതാണെന്ന് വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോഗ്ബുക്കിലെ പിഴവ് കണ്ടെത്തി തിരുത്താൻ ഉത്തരവാദിത്വമുള്ള പഞ്ചായത്ത് സെക്രട്ടറി അതിന് കൂട്ടാക്കാതെ പ്രസിഡന്റിനെ അഴിമതിക്കാരിയായി ചിത്രീകരിക്കാൻ ശ്രമം നടത്തി. വാഹനത്തിന് ഇന്ധനം അടിച്ച കണക്കിൽ 41.97 ലിറ്റർ എന്ന് ഒന്നാം കോളത്തിലും എടുത്തെഴുതിയപ്പോൾ രണ്ടാമത്തെ കോളത്തിൽ 52 ലിറ്റർ എന്നുമായി. പിശക് ലോഗ്ബുക്ക് കൈകാര്യംചെയ്യുന്നവരെ ബോധ്യപ്പെടുത്തി തിരുത്താതെ പത്രങ്ങൾക്ക് സെക്രട്ടറി വാർത്ത നൽകുകയാണുണ്ടായത്. പത്രവാർത്തയ്‌ക്ക് ശേഷം കമ്മിറ്റിയിൽ ഇരിക്കാതെ സെക്രട്ടറി ഇറങ്ങിപ്പോകുകയും 15 ദിവസത്തെ മെഡിക്കൽ ലീവിന് അപേക്ഷിക്കുകയും ചെയ്‌തു. അവധി കഴിഞ്ഞപ്പോൾ വീണ്ടും 15 ദിവസം കൂടി നീട്ടി അവധിയെടുക്കുകയുംചെയ്‌തു. മികവാർന്ന പ്രവർത്തനത്തിന്റെ അംഗീകാരമായാണ് രാഷ്‌ട്രപതിയിൽനിന്ന് പുരസ്‌കാരത്തുകയായി ഒരുകോടി രൂപ ലഭിച്ചത്. അവാർഡ് ലഭിച്ച തുകയിൽനിന്ന് വാഹനം വാങ്ങിയാണ് സ്വന്തമായി വാഹനമില്ലാത്ത പഞ്ചായത്തെന്ന പോരായ്‌മ നീക്കിയത്. രണ്ട് തവണ സ്വരാജ് ട്രോഫി, ആയുർവേദത്തിന് ദേശീയ അവാർഡ്, ദേശീയ തലത്തിൽ എ ഗ്രേഡ് നേട്ടം, നാഷണൽ ഡേയിൽ പഞ്ചാബിലും, റിപ്പബ്ലിക് ദിന പരേഡിലും, വനിതാദിനാഘോഷത്തിലും ക്ഷണം തുടങ്ങിയ നേട്ടങ്ങളും ഇക്കാലത്തുണ്ടായി. എംസിഎഫ്, സായാഹ്ന പാർക്ക്, ടേക്ക് എ ബ്രേക്ക്, പായിപ്പാട്, വെള്ളംകുളങ്ങര എഫ്എച്ച്സി, കൃഷിഭവൻ എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ നിർമിച്ചു. പതിറ്റാണ്ടുകളായി പണിപൂർത്തിയാകാതെ കിടന്ന റോഡുകളുടെ പണി പൂർത്തീകരിച്ചു. ജനകീയമായി മുന്നേറുന്ന ഭരണസമിതിക്കെതിരെ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള നീക്കങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും പ്രസിഡന്റ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈസ്‌പ്രസിഡന്റ് പി എ ഷാനവാസ്, അംഗങ്ങളായ പി ഡി ശ്യാമള, ബി സുമതി, ജിറ്റു കുര്യൻ, എം ജഗേഷ് എന്നിവർ പങ്കെടുത്തു.









0 comments