നേട്ടം ഒന്നുമില്ല, മാറ്റത്തിനൊരുങ്ങി ചമ്പക്കുളം

തകഴി
"നേട്ടമില്ലെങ്കിൽ മാറ്റമാണ് വേണ്ടത്'–ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വോട്ടർമാർ ഒരേസ്വരത്തിൽ നിലപാടുറപ്പിച്ച് മുഴക്കുന്ന മുദ്രാവാക്യമാണിത്. കഴിഞ്ഞ അഞ്ച് വർഷം യുഡിഎഫ് ഭരിച്ച ബ്ലോക്കിൽ എൽഡിഎഫ് സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയുമല്ലാതെ തനത് വികസന പദ്ധതികളോ പ്രവർത്തനങ്ങളോ ഇല്ല. സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതവും സിഎഫ്സി ഫണ്ടുകളും യഥാസമയം ചെലവഴിക്കാത്തതിന്റെ പേരിൽ കോടികൾ നഷ്ടമായി. ഭരണസമിതി യഥാസമയം വിളിച്ചുചേർക്കാനും തീരുമാനങ്ങളെടുക്കാനും കഴിഞ്ഞില്ല. ചുമതലകൾ നിർവഹിക്കാതെ പരാജയപ്പെട്ട ഒരുബ്ലോക്ക് പഞ്ചായത്തായി ചമ്പക്കുളത്തെ യുഡിഎഫ് മാറ്റി. ഉദ്യോഗസ്ഥ മേധാവിത്വം തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ നഷ്‌ടമാക്കി. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങൾ കുത്തഴിഞ്ഞതായി. ആസ്‌തിയിൽ ഒരു രൂപ പോലും കൂട്ടിച്ചേർക്കാനായില്ല. കഴിഞ്ഞ തവണ ആറുവീതം സീറ്റുകൾ എൽഡിഎഫിനും യുഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. ജനകീയവികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിൽ പിറകോട്ടുപോക്കിന്റെ അഞ്ചുവർഷങ്ങളാണ് കഴിഞ്ഞുപോയത്. യുഡിഎഫ് ഭരണത്തിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മുന്നണിയിലെ അനൈക്യവും ബ്ലോക്കിനെ പിറകോട്ടടിപ്പിച്ചു. ബ്ലോക്കിന്റെ വികസനമുരടിപ്പിന് അറുതിവരുത്താൻ കഴിവും ഭരണപരിചയവുമുള്ള നിരയെയാണ് സ്ഥാനാർഥികളായി എൽഡിഎഫ് അവതരിപ്പിച്ചിരിക്കുന്നത്.









0 comments