എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
ചേർത്തല ആശുപത്രി ജില്ലാ നിലവാരത്തിലാക്കും

ചേർത്തല നഗരസഭ എൽഡിഎഫ് തെരഞ്ഞെടുപ്പ് പത്രിക സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ് മുൻ എംപി എ എം ആരിഫിന് നൽകി പ്രകാശിപ്പിക്കുന്നു
ചേർത്തല
സർവതല സ്‌പർശിയായ വികസന–ക്ഷേമ പദ്ധതികൾ ഉറപ്പുനൽകി എൽഡിഎഫ് നഗരസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. 42 ഇനങ്ങളുള്ള പ്രകടനപത്രികയാണ് നഗരവാസികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. അഞ്ച് വർഷത്തെ ഭരണം സുതാര്യതയോടെയും കാര്യക്ഷമമായും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ പാലിച്ചെന്ന് നേതാക്കൾ പറഞ്ഞു. വാഗ്ദാനം പാലിക്കുന്ന മുന്നണിയാണ് എൽഡിഎഫെന്ന് ജനങ്ങൾക്ക് ബോധ്യമായി. സ്ഥാനാർഥികൾക്ക് വലിയ സ്വീകാര്യതയാണ് എല്ലാ വാർഡുകളിലും ലഭിക്കുന്നതെന്നും അവർ പറഞ്ഞു. താലൂക്കാശുപത്രിയുടെ വികസനമാണ് മുഖ്യയിനമായി അവതരിപ്പിക്കുന്നത്. കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് നിർമിച്ച ആറുനില കെട്ടിടവും അനുബന്ധ സംവിധാനങ്ങളും പൂർത്തിയാകുന്നതോടെ പൂർണമായും രോഗീസൗഹൃദമാക്കി ജില്ലാ ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയർത്തും. എല്ലാ വിഭാഗങ്ങളിലും ഡോക്‌ടർമാരുടെയും ഇതര ജീവനക്കാരുടെയും സേവനം, മരുന്ന് എന്നിവ ഉറപ്പാക്കും. ചേർത്തല പ്രസ് ക്ലബിലെ ചടങ്ങിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ് മുൻ എംപി എ എം ആരിഫിന് നൽകിയാണ് പ്രകടനപത്രിക പ്രകാശിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ, സെക്രട്ടറി പി ഷാജിമോഹൻ, വി ടി ജോസഫ്, എം ഇ രാമചന്ദ്രൻനായർ, ജോമി ചെറിയാൻ, ബി വിനോദ്, ഷേർളി ഭാർഗവൻ, ടി എസ് അജയകുമാർ, സി ഇ അഗസ്‌റ്റിൻ, കെ എം ഉമയാക്ഷൻ, സി എൻ ബാബു, പി എം പ്രവീൺ എന്നിവർ പങ്കെടുത്തു.









0 comments