അഴിമതിക്കോട്ട 
പൊളിക്കാനുറച്ച്‌

a
avatar
സി പ്രജോഷ്‌ കുമാർ

Published on Dec 04, 2025, 12:19 AM | 1 min read

മലപ്പുറം

ജില്ലാ പഞ്ചായത്തിൽ ഇത്തവണ ചിത്രമാകെ മാറും. അഴിമതിയുടെ കറപുരണ്ട യുഡിഎഫ്‌ ഭരണത്തിന്‌ അന്ത്യംകുറിക്കാനുറച്ചാണ്‌ എൽഡിഎഫ്‌ പോരാട്ടം. കരുത്തരായ സ്ഥാനാർഥികളെ ഇറക്കി യുഡിഎഫ്‌ കോട്ടകളിൽ വിള്ളൽ വീഴ്‌ത്തി മുന്നേറാനാകുമെന്നാണ്‌ എൽഡിഎഫ്‌ പ്രതീക്ഷ. രൂപീകരണംമുതൽ ജില്ലാ പഞ്ചായത്ത്‌ ഭരിച്ചത്‌ യുഡിഎഫാണ്‌. മുസ്ലിംലീഗിന്റെ അപ്രമാദിത്വത്തിൽ കോൺഗ്രസിനുപോലും പരിഗണന കിട്ടാറില്ല. അഴിമതിയിൽ ഏറ്റവും കുപ്രസിദ്ധി നേടിയ ജില്ലാ പഞ്ചായത്തെന്ന ഖ്യാതിയും മലപ്പുറത്തിന്‌ സ്വന്തം. നിലവിലെ അംഗങ്ങളിൽ മ‍ൂന്നുപേർ അഴിമതിയിൽ മുങ്ങിക്കുളിച്ചവരാണ്‌. മുതിർന്ന നേതാവ്‌ അഴിമതിക്കേസിൽ വിജിലൻസ്‌ അന്വേഷണം നേരിടുന്നു. മറ്റൊരാൾ ജില്ലാ പഞ്ചായത്ത്‌ കേന്ദ്രീകരിച്ച്‌ നടന്ന 25 കോടിയോളം രൂപയുടെ തട്ടിപ്പിൽ ഒന്നാം പ്രതിയായി ജയിലിലായി. നെടുമ്പാശേരി വിമാനത്താവളംവഴി സ്വർണം കടത്തിയതിനാണ്‌ മറ്റൊരംഗം പിടിയിലായത്‌. അഴിമതികൾ കൈയോടെ പിടികൂടിയതിന്റെ ജാള്യത്തിലാണ്‌ ലീഗ്‌ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. ലീഗിന്റെ അഴിമതിക്കഥകളാണ്‌ എൽഡിഎഫിന്റെ പ്രചാരണായുധം. സ്ഥാനാർഥികളുടെ ജനപിന്തുണയും മുതൽക്കൂട്ടാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. പരിചയസമ്പന്നർക്കും യുവജനങ്ങൾക്കും പരിഗണന നൽകിയായിരുന്നു സ്ഥാനാർഥി നിർണയം. യുഡിഎഫിൽ സ്ഥാനാർഥി നിർണയത്തിലെ അസ്വാരസ്യം കെട്ടടങ്ങിയിട്ടില്ല. കോൺഗ്രസിൽ യുവാക്കൾക്ക്‌ അവഗണനയായിരുന്നു. യൂത്ത്‌ കോൺഗ്രസുകാർ പാടെ പുറത്തായി. ലീഗിൽ നേതാക്കളുടെ സ്വന്തക്കാർ സീറ്റ്‌ അടിച്ചുമാറ്റി. സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളും എൽഡിഎഫിന്‌ കരുത്തുപകരുന്നു. ദേശീയപാത യാഥാർഥ്യമായത്‌ യുഡിഎഫിന്റെ ഉറക്കംകെടുത്തുന്നു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലുണ്ടായ വലിയ മാറ്റവും ക്ഷേമപെൻഷനും ഇടതുപക്ഷത്തെ ഹൃദയപക്ഷമാക്കി മാറ്റുന്നു. ലൈഫും പട്ടയവും ഉൾപ്പെടെ ആയിരക്കണക്കിന്‌ മനുഷ്യരുടെ സ്വപ്‌നങ്ങൾക്ക്‌ നിറംപകരാനായി. യുഡിഎഫിന്‌ കാര്യമായ പ്രചാരണവിഷയം പോലും ഇല്ല. മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യം സ്വന്തം വോട്ടർമാരിൽനിന്ന്‌ അവരെ അകറ്റുന്നു. സുന്നി, മുജാഹിദ്‌ സമുദായ സംഘടനകളുടെ എതിർപ്പും ഭീഷണിയാണ്‌. പ്രചാരണ രംഗത്തും എൽഡിഎഫ്‌ മേൽക്കൈ പ്രകടമാണ്‌. സ്ഥാനാർഥികൾ നാലാംഘട്ട പര്യടനം പൂർത്തിയാക്കി. പ്രമുഖ നേതാക്കൾ പങ്കെടുത്ത കൺവൻഷനുകളും കുടുംബ യോഗങ്ങളും പിന്നിട്ട്‌ തെരഞ്ഞെടുപ്പ്‌ റാലികളിലേക്ക്‌ കടന്നു. ചിട്ടയായ പ്രവർത്തനത്തിലൂടെ യുഡിഎഫ്‌ കോട്ട പൊളിക്കാനാവുമെന്ന പ്രതീക്ഷയിലാണ്‌ മുന്നേറ്റം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home