അതിവേഗം ഹൃദയപൂർവം
പാലം കടന്ന് പാഞ്ഞെത്തി, പെരുന്പളത്തിന്റെ സ്‌നേഹപാഥേയം

പെരുമ്പളത്ത് ഡിവൈഎഫ്‌ഐ സമാഹരിച്ച ഭക്ഷണപ്പൊതിയുമായി തിരിച്ച വാഹനം പഞ്ചായത്ത് പ്രസിഡന്റ് സി ആർ ഗിരീഷ് ഫ്ലാഗ-്ഓഫ് ചെയ്യുന്നു
ടി പി സുന്ദരേശൻ
Published on May 07, 2026, 01:07 AM | 1 min read
ചേർത്തല
വേന്പനാട് കായൽനടുവിലെ പെരുന്പളത്തുനിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പതിവിലും വേഗത്തിൽ ഇത്തവണ ഡിവൈഎഫ്‌ഐ ഹൃദയപൂർവം പൊതിച്ചോറുകളെത്തി. കായലിന് കുറുകെ പാലം വന്നതോടെ പ്രവർത്തകരുടെയും ഭക്ഷണപ്പൊതി തയ്യാറാക്കി നൽകുന്ന നാട്ടാരുടെയും മാനസിക സംഘർഷം തെല്ലൊന്നുമല്ല ഇല്ലാതായത്. ഇതാദ്യമായി ഭക്ഷണപ്പൊതികളുമായി വാഹനം പെരുന്പളം പാലം കടന്ന് അക്കരെയെത്തി. പെരുന്പളംമുതൽ വണ്ടാനംവരെ 46 കിലോമീറ്ററാണ് ദൂരം. ഭക്ഷണപ്പൊതിയുമായി കായൽ കടക്കാൻ ജങ്കാർ മാത്രമായിരുന്നു സഞ്ചാരമാർഗം. ഉച്ചയോടെ വണ്ടാനത്ത് ഭക്ഷണപ്പൊതി എത്തിക്കണമെങ്കിൽ അതിരാവിലെ തയ്യാറാക്കണം. സാധാരണ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനപ്പുറം ഭാരിച്ച ഉത്തരവാദിത്തമായിരുന്നു ആശുപത്രിയിലെത്തിക്കുന്നത്. അതിരാവിലെ ഭക്ഷണപ്പൊതി തയ്യാറാക്കിയാൽ മാത്രമേ പ്രവർത്തകർക്ക് സമാഹരിച്ച് വണ്ടാനത്ത് എത്തിക്കാൻ സാധിക്കൂ. പാലം തുറന്നതോടെ ഇൗ സമ്മർദം വഴിമാറി. പെരുന്പളത്തുനിന്ന് ഡിവൈഎഫ്‌ഐ ശേഖരിച്ച ‘ഹൃദയപൂർവം’ ഭക്ഷണപ്പൊതികളുമായി പാലത്തിലൂടെ വാഹനങ്ങളുടെ ആദ്യയാത്ര ബുധനാഴ്‌ചയായിരുന്നു. പകൽ 11ന് പുറപ്പെട്ട് പന്ത്രണ്ടരയോടെ ഭക്ഷണപ്പൊതി വണ്ടാനത്ത് എത്തി. പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി ഹോട്ടലുകൾ അടച്ചത് കണക്കിലെടുത്ത് പതിവിലധികം പൊതികൾ കരുതി. പ്രവർത്തകർ രക്തദാനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി ആർ ഗിരീഷ് യാത്ര ഫ്ലാഗ്‌ഓഫ്‌ചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. കെ എ സിജിസിങ്, അംഗം അഞ്‌ജു ഓമനക്കുട്ടൻ, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ദിനീഷ് ദാസ്, പ്രസിഡന്റ് അഖിൽ, ട്രഷറർ അനഘ, സിബിൻദാസ് എന്നിവർ പങ്കെടുത്തു.










0 comments