ചെങ്ങന്നൂരിൽ ഒന്നരലക്ഷംപേർക്ക് കുടിവെള്ളം

ചെങ്ങന്നൂർ സമ്പൂർണ കുടിവെള്ള പദ്ധതിക്കായി മുളക്കുഴ നികരുംപുറത്ത് 35 ദശലക്ഷം ലിറ്റർ ശേഷിയിൽ നിർമിച്ച ജലശുദ്ധീകരണശാല
ചെങ്ങന്നൂർ
മണ്ഡലത്തിലെ 1.6 ലക്ഷം ആളുകൾക്ക് കുടിവെള്ളം ഉറപ്പാക്കുന്ന ചെങ്ങന്നൂർ സമ്പൂർണ കുടിവെള്ള പദ്ധതി അതിവേഗം പുരോഗമിക്കുന്നു. ഉയർന്ന പ്രദേശങ്ങളായ മുളക്കുഴ, വെൺമണി ഉൾപ്പെടെ പഞ്ചായത്തുകളിലും നഗരസഭയിലും വേനൽക്കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാൻ മന്ത്രി സജി ചെറിയാൻ ഇടപെട്ടാണ് 520.64 കോടിയുടെ സ്വപ്നപദ്ധതി യാഥാർഥ്യമാകുന്നത്. ഇതിൽ 245 കോടി കിഫ്‌ബിയുടെ പദ്ധതിയാണ്. ആല, പുലിയൂർ, ബുധനൂർ, പാണ്ടനാട്, മുളക്കുഴ, വെൺമണി, ചെറിയനാട് പഞ്ചായത്തുകളിലെയും ചെങ്ങന്നൂർ നഗരസഭയിലും ശുദ്ധജലമെത്തിക്കുന്ന പദ്ധതിയാണിത്. മുളക്കുഴ നികരുംപുറത്ത് 35 ദശലക്ഷം ലിറ്റർ ശേഷിയുടെ ജലശുദ്ധീകരണശാലയുടെയും മുളക്കുഴയിൽ 14 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയുടെയും നിർമാണം പൂർത്തീകരിച്ചു. പമ്പാനദിയിൽ അങ്ങാടിക്കൽ കോലാമുക്കത്ത് 270 കുതിരശക്തി ശേഷിയിൽ രണ്ടുപമ്പുകൾ ഉപയോഗിച്ച് 3050 മീറ്റർ നീളത്തിൽ പൈപ്പിലൂടെ വെള്ളം ശുദ്ധീകരണശാലയിൽ എത്തിക്കും. ഇവിടെനിന്ന് ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെയും വിവിധ പഞ്ചായത്തുകളിലെയും ഉന്നത ജലസംഭരണിയിലേക്ക് 910 കിലോമീറ്റർ വിതരണ ശൃംഖല വഴിയാണ് കുടിവെള്ളം വിതരണംചെയ്യുന്നത്. അത്യാധുനിക സാങ്കേതികവിദ്യയിലാണ് ജലശുദ്ധീകരണ കേന്ദ്രം. സ്ഥലപരിമിതി മറികടക്കാനായി പ്ലേറ്റ് സെറ്റ്‌ലർ ക്ലാരിഫയർ സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി. ശുദ്ധീകരിക്കുന്ന ജലത്തിന്റെ ഗുണമേന്മ വിവിധ ഘട്ടങ്ങളിൽ ഉറപ്പാക്കുന്നതിന് പരിശോധന ലാബും ഒരുക്കി.









0 comments