ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം ഇന്ന്

ഒന്നാം ഘട്ടം പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് തയ്യാറായ ജില്ല സ്റ്റേഡിയം
ചെങ്ങന്നൂർ
ചെങ്ങന്നൂരിലെ ജില്ലാ സ്‌റ്റേഡിയത്തിന്റെ പൂർത്തീകരിച്ച ഒന്നാം ഘട്ടം ബുധൻ വൈകിട്ട് അഞ്ചിന് മന്ത്രി അബ്‌ദു റഹിമാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. ഫുട്ബാൾ ടർഫ്, സിന്തറ്റിക്ക് ട്രാക്ക്, രണ്ടു പവലിയനുകൾ, ഓഫീസ് കെട്ടിടങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ നിർമിച്ചത്, പെരുങ്കുളം പാടത്തുള്ള 17 ഏക്കർ ഭൂമിയിലാണ് സ്‌റ്റേഡിയം യാഥാർഥ്യമാകുന്നത്. സ്‌റ്റേഡിയം നിർമിക്കുന്നതിന് 100 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. രണ്ടാം ഘട്ടത്തിൽ ഇരുപത്തി അയ്യായിരം കാണികൾക്ക് ഇരിക്കാവുന്ന ഗാലറിയോടു കൂടിയ സ്‌റ്റേഡിയത്തിൽ എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്ക്, നാച്ചുറൽ ഫുട്ബോൾ ടർഫ്, ലോങ്‌ജന്പ്, ട്രിപ്പിൾ ജന്പ് പിറ്റുകൾ, 50 x 30 മീറ്റർ വരുന്ന മേപ്പിൾവുഡ് പാകിയ ഇൻഡോർ കളിക്കളം, ഔട്ട് ഡോർ ജിംനേഷ്യം, പ്രത്യേക ക്രിക്കറ്റ് ഗ്രൗണ്ട്, സ്‌പോര്‍ട്സ് ഹോസ്റ്റലുകള്‍, പാര്‍ക്ക്, ഫ്ളഡ് ലൈറ്റ് സംവിധാനം, വിഐപി ലോഞ്ച്, പമ്പ് ഹൗസ്, ബോര്‍വെല്‍, പവര്‍ സബ് സ്‌റ്റേഷന്‍, അഗ്നിശമന സംവിധാനങ്ങള്‍ എന്നിവ നിർമിക്കും. എല്ലാ കായികഇനങ്ങളും നടത്താവുന്ന ട്രാക്കും, ഇന്‍ഡോര്‍ സ്‌റ്റേഡിയവും, ഒളിമ്പിക്സ് നിലവാരത്തിലുള്ള നീന്തല്‍ക്കുളവും ഉള്‍പ്പെടുന്നു. കളിക്കാർക്കുള്ള മുറികൾ, ഗസ്റ്റ് റൂമുകൾ എന്നിവയുണ്ടാകും. ഗാലറിക്കു താഴെ കടമുറികൾ നിർമിക്കും. സ്‌റ്റേഡിയം കോമ്പൗണ്ടിൽ പൊതു പരിപാടികൾ നടത്തുന്നതിന് പാർക്കിങ് കം ഓപ്പൺ ഓഡിറ്റോറിയം നിർമിക്കും. സ്‌പോർട്സ് കേരള ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ കരാറുകാരായ ഗ്രേറ്റർ സ്പോർട്ട്സ് ലിമിറ്റഡ് ആണ് സ്‌റ്റേഡിയം നിർമിക്കുന്നത്. നീന്തല്‍ക്കുളം നിര്‍മാണത്തിന് കഴിഞ്ഞ ബജറ്റില്‍ 7.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.










0 comments