ad
Deshabhimani

ജില്ലയില്‍ 
ഡെങ്കിപ്പനിയും 
എലിപ്പനിയും

ആശങ്ക പടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 14, 2026, 12:56 AM | 1 min read

ആലപ്പുഴ

ജില്ലയിൽ കടുത്ത ആശങ്കയായി ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു. ഈ മാസം 11 വരെ മാത്രം 23 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 20 ലേറെ പേര്‍ രോഗബാധ സംശയിച്ച് ചികിത്സയിലാണ്. 15 പേര്‍ക്ക് എലിപ്പനി ബാധിച്ചു. എലിപ്പനി ബാധിച്ച് മൂന്നിന് പള്ളിപ്പുറത്ത് 58കാരി മരിച്ചു. ​പനി ബാധിതരുടെ എണ്ണവും കുത്തനെ കൂടുകയാണ്. അയ്യായിരത്തോളം പേരാണ് ഈ മാസം 13 വരെ പനിബാധിച്ച് ചികിത്സ തേടിയത്. ചേരാവള്ളി, മണ്ണഞ്ചേരി, പുളിങ്കുന്ന്, ആലപ്പുഴ ജനറൽ ഹോസ്‍പിറ്റൽ, ചെറിയനാട്, മാരാരിക്കുളം നോര്‍ത്ത്, ചുനക്കര, പള്ളിപ്പാട്, പുന്നപ്ര നോര്‍ത്ത്, ചെട്ടിക്കാട്, വെളിയനാട്, മാന്നാര്‍, ആറാട്ടുപുഴ, അരുക്കുറ്റി, വള്ളിക്കുന്നം തുടങ്ങിയവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മാവേലിക്കര, കഞ്ഞിക്കുഴി, തൃക്കുന്നപ്പുഴ, മാരാരിക്കുളം നോര്‍ത്ത്, തോണ്ടൻകുളങ്ങര, തലവടി, കുപ്പപ്പുറം, പള്ളിപ്പുറം, പുറക്കാട്, തഴക്കര, മുഹമ്മ തുടങ്ങിയവിടങ്ങളിൽ എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഗസ്‌തിൽ അമ്പതോളം പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 25 പേര്‍ക്ക് എലിപ്പനി ബാധിച്ചു. ആഗസ്‌ത്‌ 17ന് കടക്കരപ്പള്ളിയിൽ 73കാരൻ എലിപ്പനി ബാധിച്ച് മരിച്ചു. ​മഴക്കാലപൂർവ ശുചീകരണത്തിൽ ഗുരുതര വീഴ്‍ചവരുത്തിയതോടെ നഗരത്തിലടക്കം ജൂൺ, ജൂലൈ മാസങ്ങളിൽ പകര്‍ച്ചപ്പനി വ്യാപകമായിരുന്നു. മഴ മാറിയെങ്കിലും കെട്ടിക്കിടന്ന വെള്ളത്തിൽ കൊതുക്‌ പെരുകുകയാണ്. കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമല്ലാത്തതാണ് വീണ്ടും പകര്‍ച്ചവ്യാധികള്‍ പടരാൻ ഇടയാക്കിയതെന്നാണ് വിമര്‍ശനം. ​തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, വെള്ളക്കെട്ടിലും മലിനജലത്തിലും ഇറങ്ങി ജോലിചെയ്യുന്നവർ എന്നിവർ നിർബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‍സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ശക്തമായ പനി, വിറയൽ, ശരീരവേദന, സന്ധിവേദന, കണ്ണിന് ചുവപ്പ് എന്നിവ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടനടി ഡോക്‌ടറെ കാണണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home