പാചകവാതക ക്ഷാമം കടലിലും കടുപ്പം

ആലപ്പുഴ
പശ്ചിമേഷ്യയിലെ യുദ്ധ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ അനാസ്ഥ മൂന്നാം ആഴ്‌ച പിന്നിടുമ്പോൾ പാചകവാതക പ്രതിസന്ധി കൂടുതൽ മേഖലകളിലേക്ക് പടരുന്നു. മത്സ്യബന്ധന ബോട്ടുകൾക്കും ഇൻ ബോർഡ് വള്ളങ്ങൾക്കും ജലത്തിലിറക്കാൻ കഴിയാത്ത അവസ്‌ഥയാണ്. ഇവയിലെ തൊഴിലാളികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ഗ്യാസ് സിലിണ്ടറുകളാണ് ആശ്രയം. 15 മുതല്‍ 30 വരെ ദിവസങ്ങള്‍ കടലില്‍ തങ്ങിയാണ് വലിയ ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നത്. ബോട്ടുകളിൽ 20 ജോലിക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് മൂന്ന് വലിയ ഗ്യാസ് സിലണ്ടറുകൾ വേണം. അറുപതിലധികം തൊഴിലാളികളുമായി ദിവസവും കടലിൽ പോകുന്ന ഇൻബോർഡ് യാനങ്ങളിൽ ദിവസവും കുറഞ്ഞത് ഒമ്പത് സിലിണ്ടറുകൾ വേണം. രൂക്ഷമാകുന്ന പാചകവാതക ക്ഷാമം മത്സ്യബന്ധനമേഖലയെ പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് തള്ളിവിടും. ജില്ലയിൽനിന്ന് പുറംകടലില്‍ പോകുന്ന 156 യന്ത്രവൽകൃത യാനങ്ങളിലും പണി മുടങ്ങുമെന്ന സ്ഥിതിയാണ്. കടലില്‍ പോകാന്‍ സാധിക്കാതെ വരുന്നതോടെ തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലാകും. മണ്ണെണ്ണ സ്റ്റൗവിലായിരുന്നു ബോട്ടുകളില്‍ ഭക്ഷണം പാകം ചെയ്തിരുന്നത്. അപകടസാധ്യത കൂടുതലായതിനാല്‍ ഗ്യാസ് സ്റ്റൗ നിര്‍ബന്ധമാക്കുകയായിരുന്നു. ടൂറിസത്തിന്റെ നട്ടെല്ലൊടിച്ചു രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ ആലപ്പുഴ ജില്ലയിലെ 70 ശതമാനം ഹോട്ടലുകൾക്കും പൂട്ടുവീണു. ഭൂരിഭാഗം ഹോട്ടലുകളും അടച്ചതോടെ ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളും ആശങ്കയിലാണ്. നോമ്പുമായി ബന്ധപ്പെട്ട് ഓർഡറുകൾ സ്വീകരിച്ച ഹോട്ടലുകൾ ഭക്ഷണം വിതരണം ചെയ്യാൻ പാടുപെടുന്നു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനിൽ രജിസ്‌റ്റർ ചെയ്‌ത 1500–ഓളം ഹോട്ടലുകലിൽ ചൊവ്വാഴ്‌ച വരെ 900 ഹോട്ടലുകൾ പൂട്ടിയെന്നാണ് കണക്കുകൾ. ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും പൂട്ടുവീണു. 2,500 തൊഴിലാളികൾക്കെങ്കിലും തൊഴിൽ നഷ്‌ടമായി. പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ വിഭവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും തൊഴിലാളികളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഇതരസംസ്ഥാനക്കാരെ നാട്ടിലേക്ക് മടക്കി അയച്ചാൽ തിരിച്ചെത്തുമോയെന്ന ആശങ്കയും ഹോട്ടലുടമകൾക്കുണ്ട്. ഇവർക്ക് പ്രതിദിന ചെലവിനുള്ള തുക നൽകേണ്ട അവസ്ഥയിലാണ് ഹോട്ടലുടമകൾ.










0 comments