സാമൂഹ്യപുരോഗതിയുടെ ചാലകശക്തി കമ്യൂണിസ്റ്റ് സർക്കാരുകൾ: എസ് ആർ പി

കായംകുളം
കേരളത്തിന്റെ സാമൂഹ്യപുരോഗതിയുടെ ചാലകശക്തി കമ്യൂണിസ്റ്റ് സർക്കാരുകളുടെ നയപരിപാടികളാണെന്ന് മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. എം ആർ രാജശേഖരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളമെന്ന സംസ്ഥാനം വേണമെന്ന ആവശ്യം 1946ൽ കമ്യൂണിസ്റ്റ് പാർടിയാണ് മുന്നോട്ടുവച്ചത്. 1956ൽ തൃശൂരിൽ ചേർന്ന പാർടി സംസ്ഥാന സമ്മേളനം ജന്മിത്വം അവസാനിപ്പിക്കുക, കൃഷിഭൂമി കൃഷിചെയ്യുന്ന കുടിയാന്മാർക്ക് നൽകുക, വിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരിക തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിച്ചു. 1957ൽ അധികാരത്തിലെത്തിയ ഇ എം എസ് സർക്കാർ ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിച്ചത്. തുടർന്നുവന്ന കമ്യൂണിസ്റ്റ് സർക്കാരുകളും ജനക്ഷേമ പദ്ധതികൾ തുടർന്നു. അധികാര വികേന്ദ്രീകരണത്തിനടക്കം നടപടികളെടുത്തു. 35 കർമ പരിപാടികളും അറുന്നൂറോളം വികസന പദ്ധതികളും അവതരിപ്പിച്ചാണ് 2016 ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നത്. ആധുനിക നിലവാരത്തിലുള്ള കേരളം കെട്ടിപ്പടുക്കാനാണ് സർക്കാർ ശ്രമിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം തുടങ്ങിയ രംഗങ്ങളിൽ നമുക്ക് മുന്നേറാനായി. കാർഷികരംഗത്തും വലിയ പുരോഗതിയുണ്ടായി. നിതി ആയോഗിന്റേതടക്കമുള്ള സൂചികകളിൽ കേരളം മുന്നിലെത്തി. ഇപ്പോൾ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറി. ആധുനിക വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റാനുള്ള നടപടികൾ തുടരുകയാണ്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത് – എസ് ആർ പി പറഞ്ഞു.











0 comments