‘നിന്റെ അന്ത്യം കണ്ടിട്ടേ ഉറക്കമുള്ളൂ’
കോളേജ് അധ്യാപകന് കെഎസ്‌യു നേതാവിന്റെ വധഭീഷണി

കെഎസ്‌യു ജില്ല സെക്രട്ടറി സുഹൈൽ
കായംകുളം
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എംഎസ്എം കോളേജിലെ അധ്യാപകന് കെഎസ്‌യു നേതാവിന്റെ വധഭീഷണി. കോളേജ് ഫിസിക്സ് വിഭാഗം മേധാവിയും എകെപിസിടിഎ സംസ്ഥാന കൗൺസിൽ അംഗവുമായ കെ എം അനിൽകുമാറിനെ വകവരുത്തുമെന്നാണ് കെഎസ്‌യു ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈലിന്റെ ഭീഷണി. അധ്യാപകന്റെ വാട്സ്ആപ്പിലാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ‘"നിന്റെ അന്ത്യം കണ്ടിട്ടേ എനിക്ക് ഉറക്കമുള്ളൂ. നിന്നെ ഞാൻ നശിപ്പിക്കും. ഡോ.ഫറൂക്കിനെയും, അൻവറിനെയും (കെ എം അനിൽകുമാറിന്റെ സഹഅധ്യാപകർ ) നശിപ്പിക്കും. നീ വലിയ എകെപിസിടി കളിക്കുവല്ലേ ? നിന്നെ കൊണ്ട് ഞാൻ കളിപ്പിക്കാം. എടാ പന്നനേ നീ എഴുതി വെച്ചോ. നീയൊക്കെ ഞങ്ങളുടെ കോളേജിൽ വരുന്നത് ഞങ്ങൾ തീരുമാനിക്കും. അത് കാണിച്ച് തന്നിരിക്കും’’ ഇതായിരുന്നു ശബ്ദസന്ദേശം. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോളേജിൽ അതിക്രമിച്ച് കടന്ന് അറബിക് വിഭാഗത്തിന്റെ ഓഫീസ് വാതിലിൽ കോൺഗ്രസ്, കെഎസ്‌യു പതാകകൾ കെട്ടുകയും ചിത്രം വാട്സ് ആപ്പ് പ്രൊഫൈലാക്കി പ്രചരിപ്പിക്കുകയും ചെയ്തു. എം എസ് എം കോളേജിലെ ബിരുദ വിദ്യാർഥിയായിരുന്ന മുഹമ്മദ് സുഹൈൽ ഹാജർ ഇല്ലാത്തതിനാൽ പുറത്തായി. വീണ്ടും പ്രവേശനത്തിന് അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. സർവകലാശാലയും കോളേജിന് ഉചിതമായ തീരുമാനം എടുക്കാൻ അനുമതി നൽകിയിരുന്നു. കോടതിയെ സമീപിച്ചെങ്കിലും സുഹൈലിന് അനുകൂലവിധി ഉണ്ടായില്ല. ഇതിന്റെ പ്രതികാരമാണ് അധ്യാപകന് ഭീഷണി. കെ എം അനിൽകുമാർ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹയ്‌ക്ക് പരാതി നൽകി. കോളേജ് കൗൺസിൽ വിഷയം ചർച്ചചെയ്യും.









0 comments