സ്ഥാനാർഥിയായ പ്രിയതമയ്‍ക്ക് പാട്ടൊരുക്കി പ്രിയകവി

ജി നിശീകാന്ത് ഭാര്യയും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബുധനൂർ ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ സവിത നിശീകാന്തിനൊപ്പം
മാന്നാർ
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബുധനൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സവിത നിശീകാന്തിനായി തെരഞ്ഞെടുപ്പ് പ്രചാരണ ഗാനമൊരുക്കി ഭർത്താവ്. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലേറെയായി കലാസാംസ-്‌കാരിക വേദികളിൽ നിറസാന്നിധ്യമായ കവിയും ഗാനരചയിതാവുമായ ഭർത്താവ് ജി നിശീകാന്താണ് രാഷ-്‌ട്രീയ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയംഗമായ ഭാര്യയുടെ വിജയത്തിനായി "വികസനം വഴിപോലെയെത്താൻ' എന്നുതുടങ്ങുന്ന പാട്ടൊരുക്കിയത്. 1400 ഓളം ഗാനങ്ങളും 200 ഓളം കവിതകളും രചിച്ച നിശീകാന്ത് 300 ഗാനങ്ങൾക്ക് സംഗീതവും നൽകിയിട്ടുണ്ട്. ആദ്യ ആൽബമായ ‘എല്ലാം സ്വാമി’ അയ്യപ്പഭക്തിഗാനങ്ങളിൽ നിശീകാന്തിന്റെ വരികൾക്ക് അർജുനൻ മാസ്റ്റർ ഈണം നൽകി പി ജയചന്ദ്രൻ ആലപിച്ചു. ഗുരു ചെങ്ങന്നൂർ സാംസ-്‌കാരിക സമിതി, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിർവാഹക സമിതി അംഗമാണ്. ചെങ്ങന്നൂർ പെരുമ, സരസ് മേള, സിബിഎൽ എന്നിവയുടെ സ്വാഗത ഗാനങ്ങളുടെയും തീം സോങ്ങുകളുടെയും രചനയും സംഗീതവും നിർവഹിച്ചത് ജി നിശീകാന്താണ്. മന്ത്രി സജി ചെറിയാനടക്കം നിരവധി രാഷ-്‌ട്രീയ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളും എഴുതിയിട്ടുണ്ട്. മക്കൾ: നയന, നിവിത.









0 comments