പെരുങ്ങാലംകാർക്ക് ആശ്വാസം
കൊന്നയിൽക്കടവ് പാലം നിർമാണം തുടങ്ങി

കൊന്നയിൽക്കടവ് പാലം നിർമാണത്തിനുള്ള ഡ്രഡ്‌ജിങ് ജോലികൾക്ക് തുടക്കമായപ്പോൾ
സ്വന്തം ലേഖിക
Published on Dec 05, 2025, 12:54 AM | 2 min read
കൊല്ലം
നടവഴികൾ മാത്രം കണ്ട് ശീലിച്ച പെരുങ്ങാലംകാർക്ക് ഇനി മൺറോതുരുത്തിൽ എത്താൻ വള്ളം തുഴയേണ്ട. മൂന്നുവശവും അഷ്ടമുടിക്കായലും ഒരുവശം കല്ലടയാറും അതിരിടുന്ന പെരുങ്ങാലത്തിനെ പഞ്ചായത്ത് കേന്ദ്രവുമായി ബന്ധിപ്പിക്കാൻ കൊന്നയിൽക്കടവ് പാലം നിർമാണത്തിന് തുടക്കം. പൈലിങ്ങിനു മുന്നോടിയായി മണ്ണ് ഡ്രഡ്‌ജ് ചെയ്യുന്നതിനുള്ള പ്രാരംഭ നടപടി തുടങ്ങി. പൈലിങ്ങിനായുള്ള അടിസ്ഥാനസൗകര്യമായ ‘ഐലൻഡ്’ ഒരുക്കലിനും തുടക്കമായി. ഇതിനായി 3000 തെങ്ങിൻ തടി കുറ്റ്യാടിയിൽനിന്ന് ഉടൻ എത്തും. നിർമാണത്തിനുള്ള ആദ്യഘട്ട യന്ത്രസാമഗ്രികൾ രണ്ടാഴ്‌ച മുന്പ് എത്തിച്ചു. പൈൽ ചെയ്യുന്ന ഭാഗം ശരിയാക്കുന്നതിനുള്ള ബാർജ് അടക്കമുള്ളവയാണ് ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ– ഓപ്പറേറ്റീവ് സൊസൈറ്റി എത്തിച്ചത്. പാലത്തിന് സമീപം വലിയ വാഹനം എത്താത്തതിനാൽ മൺറോതുരുത്ത്–റെയിൽവേ സ്റ്റേഷൻ റോഡിനോട് ചേർന്ന കൊച്ചുമാട്ടയിൽ ഭാഗത്താണ് കോൺക്രീറ്റിന് അടക്കമുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. അവിടെ പ്ലാന്റ് സ്ഥാപിച്ച് രണ്ടു കിലോമീറ്റർ ജങ്കാർ വഴിയാണ് കോൺക്രീറ്റ് എത്തിക്കുക. ഇതിനു തടസ്സമായ ചിറയിൽക്കടവ് പാലം പൊളിച്ചുനീക്കും. 176 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിയിലും ഏഴ് സ്പാനിലാണ് പാലം നിർമിക്കുക. മധ്യത്തിൽ ബോസ്‌ട്രിങ് ആകൃതിയായിരിക്കും. പൈലിങ്ങിനുള്ള താൽക്കാലിക ബഞ്ച് മാർക്കുകൾ നേരത്തെ സ്ഥാപിച്ചിരുന്നു. ഒപ്പം അപ്രോച്ച്‌റോഡിന്റെ സർവേയും ആരംഭിച്ചു. 2018ൽ ഒന്നാം പിണറായി സർക്കാരാണ് പാലം നിർമാണത്തിന് 28 കോടി രൂപ അനുവദിച്ചത്. നിർമാണം തുടങ്ങിയപ്പോൾ സാമഗ്രികൾ എത്തിക്കാൻ തടസ്സം നേരിട്ടു. ഇതോടെ നിർമാണം നിർത്തിവച്ചു. റെയിൽപ്പാലത്തിനടിയിലൂടെ മണ്ണും മെറ്റലും അടക്കമുള്ള സാമഗ്രികൾ കൊണ്ടുവരുന്നത് ട്രാക്കിനും പാലത്തിനും ബലക്ഷയം ഉണ്ടാകുമെന്ന് കാട്ടി റെയിൽവേ സ്റ്റോപ്പ് മെമ്മോ നൽകിയതാണ് തടസ്സത്തിന് ഇടയാക്കിയത്. ജങ്കാർ വഴി സാധനങ്ങൾ കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതോടെ കരാറുകാരൻ പദ്ധതി ഉപേക്ഷിച്ചു. തുടർന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആവശ്യപ്രകാരം കെആർഎഫ്ബി 34 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചു. ഇതാണ് നിർമാണം പുനരാരംഭിക്കാൻ വഴിയൊരുക്കിയത്. ഇതിൽ 20 കോടിയാണ് പാലം നിർമാണത്തിന്. ശേഷിച്ച തുക അപ്രോച്ച് റോഡിനായി വിനിയോഗിക്കും. നിർമാണം അന്തിമ ഘട്ടത്തിലായിരിക്കുന്ന പെരുമൺ പാലത്തോടൊപ്പം കൊന്നയിൽക്കടവ് പാലവും, കൊല്ലം– കുന്നത്തൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്ന കണ്ണങ്കാട് പാലവുംകൂടി പൂർത്തിയാകുന്നതോടെ മൺറോതുരുത്തിലെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം വിനോദസഞ്ചാരമേഖലയും വളരും.









0 comments