സഞ്ചാർ സാഥി പോലെ ലേബർ കോഡും പിൻവലിക്കേണ്ടി വരും: ബിനോയ് വിശ്വം

കോഴിക്കോട്
സഞ്ചാർ സാഥി പോലെ തൊഴിലാളി വിരുദ്ധ ലേബർ കോഡും കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടിവരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിയും മോഡിയും തീരുമാനിച്ചാൽ എന്തും നടപ്പാക്കാമെന്ന അഹന്തയാണ് കാർഷിക നിയമത്തിന് പിന്നാലെ വീണ്ടും തകർന്നത്. കലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎം ശ്രീ പദ്ധതിയിൽ സിപിഐയ്ക്കും സിപിഐ എമ്മിനും ഒരേ അഭിപ്രായമാണ്. പാർടി നിലപാട് മറന്ന് ജോൺ ബ്രിട്ടാസ് എംപി പാലമായി കേന്ദ്രമന്ത്രിക്ക് മുന്നിൽ പോവില്ലെന്ന് തനിക്കുറപ്പുണ്ട്. കേരളത്തിന് ലഭിക്കാനുള്ള സർവ ശിക്ഷ കേരള ഫണ്ടിന് വേണ്ടിയാണ് കേന്ദ്രമന്ത്രിയെ കണ്ടതെന്ന് ബ്രിട്ടാസ് തന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെയല്ല ബ്രിട്ടാസിനെയാണ് വിശ്വാസം.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിളക്കമുള്ള വിജയം നേടും. ഇൗ തിരിച്ചറിവാണ് യുഡിഎഫിനെയും ബിജെപിയെയും നെറികെട്ട രാഷ്ട്രീയം പയറ്റാൻ പ്രേരിപ്പിക്കുന്നത്. പഴയ ബേപ്പൂർ,- വടകര മോഡൽ സഖ്യം പൊടിതട്ടിയെടുത്തിരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാന്ദി കുറിക്കുന്നതായി മാറുമെന്നും അദ്ദേഹം പറഞ്ഞു.









0 comments