print edition പുറത്താകലും അകത്താകലും കോൺഗ്രസിലെ തമാശക്കാഴ്‌ച

തിരുവനന്തപുരം
‘പുറത്താക്കൽ’ എന്നാൽ കോൺഗ്രസിന് തമാശയാണെന്നത് അനുഭവം. രാഹുൽ മാങ്കൂട്ടത്തിലിനെ ഇത്രകാലം കൈവെള്ളയിൽ സംരക്ഷിച്ചവർ, ഒടുവിൽ ‘പുറത്താക്കൽ’ പ്രഖ്യാപിച്ചത് ഗത്യന്തരമില്ലാതെ. ആരോപണം ഉയർന്നപ്പോൾത്തന്നെ സസ്‌പെൻഡ് ചെയ്‌തിരുന്നെന്നും ഒരു കുറ്റത്തിന് എങ്ങനെ രണ്ടു നടപടിയെടുക്കും എന്നും ഇന്നലെവരെ വാദിച്ചവരാണ് ഇപ്പോൾ പുറത്താക്കൽ പ്രഖ്യാപിച്ചത്.
നേരത്തെ സസ്‌പെൻഡ് ചെയ്‌തെങ്കിലും നേതാക്കളുടെ സംരക്ഷണ വലയത്തിലായിരുന്നു രാഹുൽ. കോൺഗ്രസിൽനിന്നും പാർലമെന്ററി പാർടിയിൽനിന്നും പുറത്താക്കിയെന്ന് നേതൃത്വം അവകാശപ്പെട്ടപ്പോഴാണ് രാഹുൽ നിയമസഭാ സമ്മേളനത്തിനെത്തിയത്. തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിലും പ്രചാരണ പരിപാടികളിലും സജീവമായി.
രാജിക്കത്ത് നൽകിയവരും പുറത്താക്കപ്പെട്ടവരും പാർടിയിൽ പ്രവർത്തിക്കുന്നതും സ്ഥിരം കാഴ്‌ചയാണ്. തെരഞ്ഞടുപ്പുകാലത്ത് പുറത്താകുന്നവരെല്ലാം തെരഞ്ഞെടുപ്പു കഴിയുന്നത്തോടെ അകത്തെത്തും.
അടുത്തിടെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് രാജിവച്ചെന്ന വിവരം രാവിലെ പുറത്തുവന്നു. എന്നാൽ, വൈകിട്ട് കസേരയിൽ അദ്ദേഹമുണ്ടായിരുന്നു. തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രതിസന്ധി സൃഷ്ടിച്ചതിന് പുറത്താക്കിയ ഡിസിസി ജനറൽ സെക്രട്ടറി സി ടി സജിത്ത്, ഡിസിസി അംഗം ശിവദാസ്, കുറ്റ്യാടിയിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്താക്കിയ ഒന്പത് നേതാക്കൾ, കാസർകോട്ട് കെപിസിസി അംഗം ബാലകൃഷ്‌ണ പെരിയ, തിരുവനന്തപുരത്ത് കെപിസിസി ജനറൽ സെക്രട്ടറി എം എ ലത്തീഫ് എന്നിവർ അടുത്തിടെ പുറത്തായതും അകത്തായതും ശരവേഗത്തിലാണ്.









0 comments