print edition കളം മുറുകി ; വികസനപ്രഭയിൽ എൽഡിഎഫ് , വിവാദങ്ങളിൽ യുഡിഎഫ്

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിന് കളം മുറുകി. ഒന്നാംഘട്ടം വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണം ഞായർ വൈകിട്ട് ആറിന് അവസാനിക്കും. ഒമ്പതിന് വോട്ടെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒമ്പതിന് വൈകിട്ട് ആറ് വരെയാണ് പരസ്യപ്രചാരണം. 11ന് വോട്ടെടുപ്പ് നടക്കും. 13ന് തദ്ദേശ വിധിയറിയാം.
പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ എൽഡിഎഫ് മേൽക്കൈ നേടിയതിന്റെ ചിത്രം സംസ്ഥാനത്തുടനീളം വ്യക്‌തം. കഴിഞ്ഞ ഒമ്പതര വർഷം കൊണ്ട് നേടിയ വികസന ക്ഷേമ പ്രവർത്തനങ്ങളും അടുത്ത അഞ്ചുവർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും ജനങ്ങൾക്ക് മുന്നിൽ വച്ചാണ് എൽഡിഎഫ് പ്രചാരണം. കൺമുന്നിലുള്ള വികസന കാഴ്‌ചകൾ എൽഡിഎഫ് വിജയിക്കണം എന്നതിൽ കവിഞ്ഞ് മറ്റൊരു ചിന്തയ്‌ക്കും ഇടവരുത്തുന്നില്ല.
അതേസമയം വിവാദങ്ങളുടെ ചെളിക്കുഴിയിലാണ്ടിരിക്കുകയാണ് യുഡിഎഫ്. രാഹുൽ മാങ്കൂട്ടത്തിലിനെ പേറി നടന്നതിന്റെ നാണക്കേട് മായ്‌ക്കാനാകുന്നില്ല. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഗത്യന്തരമില്ലാതെ പുറത്താക്കി. മാങ്കൂട്ടത്തിലിന് സംരക്ഷണമൊരുക്കുന്നതിൽ കവിഞ്ഞ് മറ്റൊന്നും തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ കോൺഗ്രസിനായതുമില്ല. ഇൗ ഗതികേടിൽ മുതിർന്ന നേതാക്കൾക്കുൾപ്പെടെ അമർഷമുണ്ട്. എൽഡിഎഫിന്റെ വികസന നേട്ടത്തിന്റെ പ്രഭയിൽ യുഡിഎഫിന്റെയും ബിജെപിയുടെയും വ്യാജപ്രചാരണങ്ങളും നിഷ്‌ഭ്രമമായി.
അതിദാരിദ്ര നിർമാർജനം മുതൽ മാലിന്യമുക്‌ത കേരളം വരെയുള്ള പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. അധികാരത്തിൽ വന്നാൽ ഇല്ലാതാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ച, നാടിന്റെ സ്വപ്നപദ്ധതിയായ ലൈഫിൽ 4.71 ലക്ഷം വീടുകളാണ് നിർമിച്ച് നൽകിയത്. ക്ഷേമപെൻഷൻ 2000 ആക്കി വർധിപ്പിച്ച് കൃത്യമായി വിതരണം ചെയ്യുന്നു. പശ്‌ചാത്തല സൗകര്യ വികസനത്തിന് ഒമ്പതര വർഷം കൊണ്ട് ചെലവഴിച്ചത് ഒന്നര ലക്ഷം കോടി രൂപയാണ്.
എൽഡിഎഫ് സ്ഥാനാർഥികൾ ഇതിനകം നിരവധി തവണ വീടുകൾ കയറിയിറങ്ങി. പൊതുപര്യടനങ്ങളും പൊതുയോഗങ്ങളും പുരോഗമിക്കുന്നു. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലാണ് തെരഞ്ഞെടുപ്പ്.









0 comments