ജില്ലാ ഭിന്നശേഷി ദിനാചരണം
അരങ്ങുനിറഞ്ഞ് പരിമിതികളെ ജയിച്ച കുഞ്ഞുങ്ങൾ

തൃക്കരിപ്പൂർ
‘‘അനീഷാ നീ കുട്ടികൾക്ക് കരുതിയ കിറ്റ് സൂക്ഷിച്ച് വച്ചേക്കണേ’’ പ്രാണുവായുവിലെ വരുൺ ഇതുപറയുന്പോൾ ഓക്‌സിജൻ മാസ്‌ക്കണിഞ്ഞ് മക്കളായ അമാന അഷ്‌റഫും മുവാദും വേദിയിൽ നിറഞ്ഞു. ഉടനതാ ‘രണ്ടുമത്സ്യങ്ങ’ളായി മുഹമ്മദ് സിനാനും പ്രാർഥനയും. ഭൂമിയുടെ ചോരപോലെ മെലിഞ്ഞ നീർച്ചാലിലൂടെ ശൂലാപ്പ് കാവിലെത്തുന്ന രണ്ടു മത്സ്യങ്ങളായ അഴകനും പൂവാലിയും മനുഷ്യന്റെ സ്വാർഥതയാൽ പ്രകൃതി ഇല്ലാതാകുന്നതിനെ ഓർമിപ്പിച്ചു. തൊട്ടുപിന്നാലെ പുസ്‌തകവീടിലെ ദേവദത്തൻ മാഷായി ശിഖയും സഹദായി ദേവദാസായി സർതാജും പുസ്‌തകവീടായി നെയ്‌മുവുമെത്തി. ഉടുപ്പിലെ സഹദായി ആദിത്യനും നൂർജഹാനായി ഫായിസ ഫാത്തിമയും അരങ്ങിലെത്തി. കഥാകാരനായ അംബികാസുതൻ മാങ്ങാടിനുമുന്നിൽ അദ്ദേഹത്തിന്റെ പ്രിയകഥാപാത്രങ്ങളെ അവതരിപ്പിച്ച് വേദിയിൽ നിറഞ്ഞവർ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും അവരുടെ കൂട്ടുകാരുമായിരുന്നു. കൂലേരി ജിഎൽപി സ്‌കൂളിൽ ജില്ലാതല ഭിന്നശേഷി ദിനാഘോഷത്തിന്റെ ഉദ്‌ഘാടനത്തിന് മുന്നോടിയായാണ് സെന്റ് പോൾസ് എയുപി സ്‌കൂളിലെ കുട്ടികളുടെ സ്‌കിറ്റ്. ചെറുവത്തൂർ ബിആർസി സ്‌പെഷ്യൽ എഡ്യുക്കേറ്റർ മുംതാസായിരുന്നു സംവിധാനം. കാസർകോട്, ചെറുവത്തൂർ ബിആർസി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ദിനാഘോഷം അംബികാസുതൻ മാങ്ങാട് ഉദ്‌ഘാടനം ചെയ്‌തു. എഇഒ രമേശൻ പുന്നത്തിരിയൻ അധ്യക്ഷനായി. എസ്‌എസ്‌കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ വി എസ് ബിജുരാജ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. രഘുരാം ഭട്ട് എന്നിവർ മുഖ്യാതിഥികളായി. അംബികാസുതൻ, മജീഷ്യൻ ഉമേഷ് ചെറുവത്തൂർ, ചന്തേര ജിയുപി സ്‌കൂൾ അധ്യാപിക റീന ടീച്ചർ എന്നിവരെ ആദരിച്ചു. അശോകൻ മടയന്പത്ത്, ശ്രീലക്ഷ്‌മി എന്നിവർ സംസംസാരിച്ചു. ഹെഡ്‌മാസ്‌റ്റേഴ്‌സ് ഫോറം കൺവീനർ പി കെ മുരളീകൃഷ്‌ണൻ ഡയപ്പർ വിതരണം ചെയ്‌തു. ചെറുവത്തൂർ ബിപിസി വി വി സുഹ്മ്രമണ്യൻ സ്വാഗതവും ട്രെയിനർ പി രാജഗോപാലൻ നന്ദിയും പറഞ്ഞു. ചന്തേര ഓട്ടിസം സെന്ററിലെ കുട്ടികളുടെ സ്വഗതനൃത്താവിഷ്‌കാരവും പൊള്ളപ്പൊയിൽ എഎൽപിഎസ് അധ്യാപകൻ ശ്രീഹരി അവതരിപ്പിച്ച കൊട്ടും പാട്ടുമുണ്ടായി.









0 comments