നീലേശ്വരത്ത് നിർമാണം തുടങ്ങി
14 റെയിൽവേ സ്റ്റേഷനുകളിൽ ടർഫ് കോർട്ട് വരുന്നു

നീലേശ്വരം
കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ റെയിൽവേ. ഇതിന്റെ ഭാഗമായി ജില്ലയിലെ നീലേശ്വരം, കാസർകോട്, തൃക്കരിപ്പൂർ, കുമ്പള എന്നിവിടങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്തെ 14 സ്റ്റേഷനുകളോട് ചേർന്ന് ടർഫ് കോർട്ട് നിർമിക്കും. 2000 ചതുരശ്രയടി സ്ഥലത്താണ് എല്ലായിടത്തും ടർഫ് നിർമിക്കുക. 35 മീറ്റർ വീതിയും 50 മീറ്റർ നീളത്തിലുമുള്ള ടർഫുകളാകും നിർമിക്കുക. പരിപാലനച്ചുമതലയും റെയിൽവേക്കാണ്. 16 സ്റ്റേഷനുകളിലാണ് പുതിയ ടർഫ് മൈതാനങ്ങൾ നിർമിക്കുന്നത്. 16 ടർഫ് മൈതാനങ്ങളിൽ 14ഉം കേരളത്തിലാണ്. കാസർകോട്, തൃക്കരിപ്പൂർ, കുമ്പള, കാഞ്ഞങ്ങാട്, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, പഴയങ്ങാടി, തലശേരി, കൊയിലാണ്ടി, ഫറോക്ക്, നിലമ്പൂർ, അങ്ങാടിപ്പുറം, തിരൂർ എന്നിവിടങ്ങളിലാണ് സ്ഥലം കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ മധുക്കരയിലും കർണാടകത്തിലെ മംഗളൂരു റെയിൽവേ സ്റ്റേഷൻ പരിസരത്തുമാണ് ശേഷിക്കുന്ന ടർഫുകൾ. ഇവ വാടകയ്ക്ക് നൽകുന്നതിലൂടെ പുതിയ വരുമാനമാർഗം കണ്ടെത്തും. ഇതിനുമുന്നോടിയായി നീലേശ്വരം സ്റ്റേഷന് മുന്നിലെ ഉപയോഗശൂന്യമായ സ്ഥലത്തെ കാടുകൾ വെട്ടി ഭൂമി നിരപ്പാക്കി തുടങ്ങി. ഇവിടെ പാർക്കിങ് സൗകര്യവും, ടർഫ് കോർട്ടും, വ്യാപാര കെട്ടിടങ്ങളും സ്ഥാപിക്കും. സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് 26 ഏക്കർ കാടുപിടിച്ച് കിടക്കുകയാണ്. ഈ ഭൂമിയാണ് പുതിയ സംരഭങ്ങൾക്കുപയോഗിക്കുക.









0 comments