print edition രാഹുലിനെ സംരക്ഷിക്കാൻ ഷാഫി പറമ്പിൽ ; പുറത്താക്കിയത് തദ്ദേശ തെരഞ്ഞെടുപ്പ് ഭയന്ന്

വേണു കെ ആലത്തൂർ
Published on Dec 05, 2025, 02:30 AM | 1 min read
പാലക്കാട്
യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ മുൻകൂർ ജാമ്യം കോടതി തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽനിന്ന് പുറത്താക്കാൻ കെപിസിസി നിർബന്ധിതമായത് ഗത്യന്തരമില്ലാതെ. ഇനിയും ചുമന്നാൽ അത് തദ്ദേശ തെരഞ്ഞെടുപ്പിൽ പാർടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയില്ലെന്നും വിമർശനം ഉയർന്നതോടെ നിവൃത്തിയില്ലാതെയാണ് പുറത്താക്കിയത്.
എംഎൽഎ സ്ഥാനത്ത് തുടർന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്പോൾ രാഹുൽ പാർടിയിൽ പിടിമുറുക്കും എന്നുതന്നെയാണ് കോൺഗ്രസ് പ്രവർത്തകർ കരുതുന്നത്. വ്യത്യസ്‌ത കാരണങ്ങളാൽ ജില്ലയിൽ കോൺഗ്രസിൽനിന്ന് പുറത്തായവരെല്ലാം ഇപ്പോഴും പാർടിവേദികളിൽ സജീവമാണ്. പുറത്തായവർ ഓരോരോ ഗ്രൂപ്പിൽപ്പെട്ടവരായതിനാൽ അതത് ഗ്രൂപ്പ് നേതാക്കളുടെ സംരക്ഷണം ലഭിക്കുന്നു.
ഷാഫി പറന്പിലിന്റെ ഏറ്റവും അടുത്തയാൾ എന്ന നിലയിലാണ് രാഹുൽ പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ പ്രചാരണച്ചുമതല രാഹുലിനായിരുന്നു. പാലക്കാട് ഡിസിസിയാണ് കെപിസിസിയുടെ സമ്മതത്തോടെ രാഹുലിന് ചുമതല നൽകിയത്. ഇതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകരെ രാഹുൽ പരസ്യമായി അപമാനിച്ചു. യുവതി നൽകിയ ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുത്ത വ്യാഴാഴ്‌ചവരെ രാഹുൽ മണ്ഡലത്തിൽ സജീവമായിരുന്നു. പാർടിയിൽനിന്ന് പുറത്താക്കിയാലും എംഎൽഎ ആയിരിക്കുന്നിടത്തോളം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ പാർടിയിൽ ഇടപെടുമെന്ന് അയാളുടെ അനുകൂലികൾ പറയുന്നു.









0 comments