print edition കേരളത്തെ മികച്ച നിക്ഷേപക സൗഹൃദമാക്കി : മുഖ്യമന്ത്രി

കൊല്ലം
സാമൂഹ്യക്ഷേമ പെൻഷൻ 1600ൽനിന്ന് 2000 രൂപയായി ഉയർത്താനായത് എൽഡിഎഫിന് തുടർഭരണം ലഭിച്ചതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലത്ത് കോർപറേഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
2016-ൽ യുഡിഎഫ് ഭരണം ഒഴിയുന്പോൾ 18 മാസത്തെ പെൻഷൻ കുടിശ്ശികയായിരുന്നു. എൽഡിഎഫ് വന്നപ്പോൾ ആദ്യം തീരുമാനിച്ചത് പെൻഷൻ കുടിശ്ശിക നൽകാനാണ്. പെൻഷൻതുക 600ൽനിന്ന് 1600ആയി ഉയർത്താനും നടപടി സ്വീകരിച്ചു.
പൊതുവിതരണകേന്ദ്രം വലിയ രീതിയിൽ മെച്ചപ്പെട്ടതും തുടർഭരണത്തിന്റെ നേട്ടമാണ്. തകർന്നുപോകുമെന്ന അവസ്ഥയിൽനിന്ന് പൊതുവിദ്യാഭ്യാസമേഖലയെ കൈപിടിച്ചുയർത്തി. 2000 സ്കൂളാണ് നവീകരിച്ചത്. യുഡിഎഫ് ഭരണത്തിൽ അഞ്ചുലക്ഷം കുട്ടികൾ പൊതുവിദ്യാലങ്ങളിൽനിന്ന് കൊഴിഞ്ഞുപോയി. എൽഡിഎഫ് ഭരണത്തിൽ 10 ലക്ഷം കുട്ടികൾ പുതുതായി ചേർന്നു. കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി. രാജ്യത്തിനു പുറത്തുള്ള വിദ്യാർഥികളും കേരളത്തിലേക്ക് പഠനത്തിനെത്തുന്നു. ഇതൊക്കെ തുടർഭരണത്തിന്റെ നേട്ടങ്ങളാണ്.
പണ്ട് നമ്മുടെ നാട് വ്യവസായത്തിന് പറ്റിയതല്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, 2016-ൽ എൽഡിഎഫ് സർക്കാർ ഒട്ടേറെ നിയമങ്ങൾ ഭേദഗതിചെയ്തു. ഇപ്പോൾ നമ്മൾ രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനമാണ്. രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാൻ കഴിഞ്ഞു. ഇതൊക്കെ നേടാനായത് 2021-ൽ തുടർഭരണം ലഭിച്ചതുകൊണ്ടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.









0 comments