‘രാഹുൽപ്പേടി’യിൽ കോൺഗ്രസ് , വ്യാജനായി വന്നു; ലൈംഗിക കുറ്റവാളിയായി പുറത്ത്
print edition ഗത്യന്തരമില്ലാതെ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നാല് മാസത്തിനിടെ ഉയർന്നത്. മാധ്യമ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആഗസ്തിൽ വാർത്ത. തുടർന്ന് പരാതി പ്രവാഹം. മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ ‘ഹു കെയേഴ്‌സ്’ എന്നായിരുന്നു മറുപടിയെന്ന് നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ. തുടർന്ന്, മാധ്യമപ്രവർത്തകയുടെ സംഭാഷണം പുറത്ത്. രാഹുലിന്റെ ലൈംഗിക വൈകൃത സന്ദേശം പുറത്തുവിട്ട് ട്രാൻസ്‌ജെൻഡർ അവന്തിക. ഹോട്ടൽമുറിയിലെത്തിച്ച് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതി. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് മുൻ എംപിയുടെ മകൾ എഐസിസിക്ക് പരാതി നൽകിയതും പുറത്തുവന്നു. ഏറ്റവും ഒടുവിൽ ഇരുപത്തിമൂന്നുകാരിയായ യുവതിയുടെ പരാതി.
തിരുവനന്തപുരം
ഒരു പൊതുപ്രവർത്തകനുനേരെയുള്ള ലൈംഗികാതിക്രമത്തിന്റെ തെളിവുകൾ പുറത്തുവന്നിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് നടപടിയെടുക്കാതിരുന്നത് ‘പലതും പുറത്തുവരും’ എന്ന ഭീതിയിൽ. പല നേതാക്കളുടെയും കാര്യങ്ങൾ തനിക്കറിയാമെന്ന് രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മറ്റൊരുവഴിയുമില്ലാതെ പുറത്താക്കിയെങ്കിലും ഇനിയെന്ത് എന്ന ആശങ്ക നേതാക്കൾക്കുണ്ട്.
വിമർശിക്കുന്ന നേതാക്കളുടെ കഥകൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. നേതാക്കളെ വരച്ചവരയിൽ തടയാൻ ഗോഡ്‌ഫാദർമാരുടെ പിന്തുണയും ഉണ്ടായിരുന്നു. മൂന്നുവർഷമായി പാർടിക്കു ലഭിച്ച പരാതികൾ ഒതുക്കിയതും ‘രാഹുൽപ്പേടി’യിലാണ്.
ആഗസ്‌ത് 20ന് രാഹുലിനെതിരെ ആദ്യത്തെ വെളിപ്പെടുത്തൽ വന്ന് പുറത്താക്കുന്നവരേയുള്ള 105 ദിവസത്തിനിടയിൽ ഒരു വാക്കുകൊണ്ടുപോലും നോവിക്കാത്ത നേതാക്കളുണ്ട്. എ ഗ്രൂപ്പിൽ ചാണ്ടി ഉമ്മൻ ഒഴികെ ആരും രാഹുലിനെതിരെ നിലപാടെടുത്തില്ല.
കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറന്പിൽ, എ പി അനിൽകുമാർ, പി സി വിഷ്‌ണുനാഥ് എന്നിവർ ഇക്കൂട്ടത്തിലാണ്. കെ സുധാകരൻ, ബെന്നി ബെഹ്‌നാൻ, അടൂർ പ്രകാശ് എന്നിവർ പരസ്യമായി ന്യായീകരിച്ചു. കനത്ത മൗനങ്ങൾക്കും കൂട്ടവാഴ്‌ത്തലുകൾക്കും പിന്നിൽ ഒരുപാട് അർഥങ്ങളുണ്ടെന്നാണ് കോൺഗ്രസിന് അകത്തുതന്നെയുള്ള സംസാരം.
വാർഷികത്തിൽ നടപടി
പാലക്കാട് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ വാർഷികദിനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പാർടിയിൽനിന്ന് പുറത്തായത്. 2024 ഡിസംബർ നാലിനായിരുന്നു സത്യപ്രതിജ്ഞ. കൃത്യം ഒരു വർഷത്തിന് ശേഷം ഗത്യന്തരമില്ലാതായതോടെയാണ് കോൺഗ്രസ് നേതൃത്വം പുറത്താക്കാൻ നിർബന്ധിതരായത്. വ്യാജ ഐഡി കാർഡ് നിർമാണത്തിനു പുറമേ രാഹുലിനെതിരെ ഒമ്പത് പരാതികളാണ് കെപിസിസിക്ക് ലഭിച്ചത്. ‘വ്യാജ പ്രസിഡന്റ്’ എന്ന് വിളിപ്പേരുള്ള യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ പാലക്കാട്ട് സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസിൽനിന്ന് വ്യാപക എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ വി ഡി സതീശനും ഷാഫിയും ഉൾപ്പെടെ സംരക്ഷിച്ചാണ് പാലക്കാടേക്ക് എത്തിച്ചത്.
രണ്ടാമത്തെ പീഡനക്കേസ് ; രാഹുലിനെതിരെ യുവതി മൊഴി നൽകും
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രണ്ടാമത് പീഡനപരാതി നൽകിയ യുവതി കേസുമായി മുന്നോട്ടുപോകും. ഇതോടെ രാഹുലിന് കുരുക്ക് മുറുകി. ബംഗളുരുവിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ 23കാരിയാണ് പരാതിക്കാരി. ഇവർ ഉടൻ അന്വേഷക സംഘത്തിന് മൊഴി നൽകും. ഡിവൈഎസ്‌പി സജീവനാണ് അന്വേഷണ ചുമതല.
ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ആണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2023ൽ സമൂഹമാധ്യമത്തിലൂടെയാണ് രാഹുലുമായി പരിചയപ്പെട്ടതെന്നും തുടർന്ന് വിവാഹവാഗ്-ദാനം നൽകി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. 2023 ഡിസംബറിൽ വിവാഹക്കാര്യം സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി സുഹൃത്തിന്റെ ഹോംസ്‌റ്റേയിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പരാതി. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ ആണ് പീഡനത്തിന് കൂട്ടുനിന്നതെന്നും യുവതിയിൽ പരാതിയിൽ പറയുന്നു.
വ്യാജനായി വന്നു; ലൈംഗിക കുറ്റവാളിയായി പുറത്ത്
വ്യാജ ഐഡി കാർഡുകളുണ്ടാക്കിയതിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോഴും കോൺഗ്രസ് ശ്രമിച്ചത് സംരക്ഷിക്കാൻ. സഹപ്രവർത്തകരായ വനിതകളിൽ നിന്ന് പോലും ഗുരുതരമായ ലൈംഗികപീഡന പരാതികൾ ഉയർന്നിട്ടും മുഖവിലയ്‌ക്കെടുത്തില്ല. രാഹുലിനെ സംരക്ഷിച്ചും പരാതി ഉന്നയിച്ചവരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ അധിക്ഷേപിച്ചുമാണ് കോൺഗ്രസ് രാഹുലിന് കുടപിടിച്ചത്.
കോൺഗ്രസിൽ രാഹുൽ സ്വന്തമാക്കിയ പദവികളെല്ലാം വളഞ്ഞ വഴിയിലൂടെയായിരുന്നു. 2022 മുതൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി പരാതികൾ കോൺഗ്രസ് നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇൗ പരാതികളെല്ലാം നിലനിൽക്കെയാണ് 2023-ൽ ഷാഫി പറമ്പിൽ സ്ഥാനമൊഴിഞ്ഞപ്പോൾ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാക്കിയത്. സംഘടനാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഐഡി കാർഡ് വ്യാജമായി നിർമിച്ച് വോട്ട് നേടിയാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്റായത്. ഇതിൽ അന്വേഷണം നിലനിൽക്കുമ്പോൾത്തന്നെ പാലക്കാട് ഉപതെരഞ്ഞടുപ്പിൽ സീറ്റും നൽകി. മുതിർന്ന നേതാക്കളടക്കം എതിർത്തിട്ടും ഷാഫി പറമ്പിലിന്റെ വാശിക്ക് മുന്നിൽ കോൺഗ്രസ് വഴങ്ങി.
മുണ്ടക്കൈ ദുരന്തബാധിതർക്കായി വീടുവെച്ച് നൽകാനെന്ന പേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ വൻ സാമ്പത്തിക തട്ടിപ്പും പുറത്തുവന്നു. കുറഞ്ഞത് അഞ്ച് കോടി രൂപയെങ്കിലും ലഭിച്ചിട്ടുണ്ടെന്ന് നേതാക്കൾ തന്നെ പറയുന്നു. എന്നാൽ വെറും 88 ലക്ഷം രൂപ മാത്രമേ വന്നിട്ടുള്ളൂവെന്നാണ് മാങ്കൂട്ടത്തിൽ പറഞ്ഞത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്തും ധിക്കാരപരമായ ഇടപെടലിലൂടെ വിവാദങ്ങളുണ്ടാക്കി. തെരഞ്ഞെടുപ്പ് കമീഷന്റെ സാധാരണ പരിശോധന പോലും തടഞ്ഞു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ഇതിനെല്ലാം പുറമേയാണ് പീഡന പരമ്പരകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഒമ്പത് പരാതികളാണ് കെപിസിസിക്ക് ലഭിച്ചത്. അതിൽ പുറത്തുവന്നത് രണ്ടണ്ണം മാത്രം. അതിജീവിതയെയും ഗർഭസ്ഥശിശുവിനെയും കൊല്ലുമെന്ന് ഭീഷണിമുഴക്കിയിട്ട് പോലും അവസാന നിമിഷം വരെ മാങ്കൂട്ടത്തലിനെ കോൺഗ്രസ് ചേർത്തുപിടിച്ചു.
നാൾവഴികൾ
• ആഗസ്ത് 20
സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ രാഹുലിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് കോൺഗ്രസ് പ്രവർത്തകയും ചലച്ചിത്രതാരവും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്: സ്‌റ്റാർ ഹോട്ടലിൽ മുറിയെടുക്കാമെന്ന് രാഹുൽ പറഞ്ഞതായി പ്രതിപക്ഷ നേതാവിനെ അറിയിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
• ആഗസ്ത് 21
ഇപ്പോൾ പരാതി നൽകിയ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺസംഭാഷണം പുറത്ത്. മോശമായി സംസാരിച്ചെന്ന് എഴുത്തുകാരി ഹണി ഭാസ്കരൻ. ‘റേപ് ചെയ്യണം’ എന്ന് ആവശ്യപ്പെട്ടെന്ന് ട്രാൻസ് വുമൺ അവന്തിക.
• ആഗസ്ത് 22
ലൈംഗികമായി പീഡിപ്പിച്ചതായി മറ്റൊരു യുവതി. പരാതിക്കാർക്കെതിരെ കോൺഗ്രസ് സൈബർസെൽ ആക്രമണം
• ആഗസ്ത് 23
അതിജീവിതയെയും ഗർഭസ്ഥശിശുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ചാറ്റ് പുറത്ത്. വനിതാ കമീഷൻ കേസ് എടുത്തു. ബാലാവകാശ കമീഷൻ റിപ്പോർട്ട് തേടി.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജി.
• ആഗസ്ത് 24
വിമർശിച്ച കെ സി വേണുഗോപാലിന്റെ ഭാര്യ കെ ആശയ്ക്കെതിരെ സൈബർ അധിക്ഷേപം
• ആഗസ്ത് 25
പാർലമെന്ററി പാർടിയിൽനിന്ന് സസ്‌പെൻഷൻ. ക്രൈംബ്രാഞ്ച് കേസെടുത്തു. അന്വേഷിക്കാൻ പ്രത്യേക സംഘം
• നവംബർ 27
അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകി
• ഡിസംബർ 2
ഹോം സ്റ്റേയിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന് സംസ്ഥാനത്തിന് പുറത്തുള്ള 23കാരിയുടെ പരാതി
• ഡിസംബർ 4
തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളി. കോൺഗ്രസിൽനിന്ന് പുറത്താക്കി.









0 comments