പോക്കുവരവ് അടക്കമുള്ള റവന്യു അവകാശങ്ങൾ അതിവേഗം പുനഃസ്ഥാപിച്ച സംസ്ഥാന സർക്കാരിന് നന്ദി
print edition അലച്ചിലിന് അറുതി ; സർക്കാർ വാക്കുപാലിച്ചെന്ന് മുനമ്പം ജനത

മത്സ്യത്തൊഴിലാളിയായ പുത്തൻപാടം വീട്ടിൽ പി എ ലൂയിസ് സന്തോഷം പങ്കിടുന്നു

ശ്രീരാജ് ഓണക്കൂർ
Published on Dec 05, 2025, 02:36 AM | 1 min read
കൊച്ചി
പോക്കുവരവ് അടക്കമുള്ള റവന്യു അവകാശങ്ങൾ അതിവേഗം പുനഃസ്ഥാപിച്ച സംസ്ഥാന സർക്കാരിന് നന്ദിയറിയിച്ച് മുനമ്പം തീരജനത. എട്ട് സെന്റ് ഭൂമിയുടെ പോക്കുവരവിന് നടന്നുവലഞ്ഞ മത്സ്യത്തൊഴിലാളി മുനന്പം പുത്തൻവീട്ടിൽ ലൂയിസ് ഇതുവരെ അനുഭവിച്ച കഷ്‌ടപ്പാടിന് കണക്കില്ല. അതുപോലെ നിരവധിപേർ. ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിവന്ന ദിവസംതന്നെ ഭൂനികുതിയൊടുക്കാൻ സൗകര്യം ചെയ്‌ത സംസ്ഥാനസർക്കാർ മണിക്കൂറുകൾക്കകം മറ്റു റവന്യു അവകാശങ്ങളും അനുവദിച്ചത് കുറച്ചൊന്നുമല്ല തീരത്തിനാശ്വാസം പകർന്നത്.
ഒന്നാംവാർഡിലെ ഭൂമിയുടെ പോക്കുവരവിന് 2022ലാണ് കുഴുപ്പിള്ളി വില്ലേജ് ഓഫീസിൽ ലൂയിസ് അപേക്ഷ നൽകിയത്. പോക്കുവരവ് ചെയ്‌തുതരുന്നതിന് പകരം ഫോർട്ട് കൊച്ചി താലൂക്ക് ഓഫീസിൽ ചെന്ന് അന്വേഷിക്കാനായിരുന്നു നിർദേശം. അവർ വഖഫ് ബോർഡിന്റെ കലൂർ ഓഫീസിലേക്ക് വിട്ടു. മൂന്നുവർഷത്തിനുശേഷവും കാര്യം നടന്നില്ല. ഹൈക്കോടതി ഉത്തരവിന് പിന്നാലെ, കരമടച്ച ലൂയിസിന് ഇപ്പോൾ പോക്കുവരവും വൈകാതെ നടത്തിയെടുക്കാനാകുമെന്ന വിശ്വാസമുണ്ട്. അടുത്ത ദിവസംതന്നെ അപേക്ഷ നൽകുമെന്ന് ലൂയിസ് പറഞ്ഞു.
തീരദേശ ജനതയ്ക്ക് എൽഡിഎഫ് സർക്കാർ നൽകിയ ഉറപ്പുപാലിച്ചെന്ന് മത്സ്യത്തൊഴിലാളിയായ മുനന്പം ഒന്നാംവാർഡ് പുന്നയ്‌ക്കപറന്പിൽ പി കെ സത്യനും പറഞ്ഞു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതോടെ സത്യനും ഭൂമിയുടെ കരം അടച്ചു. ഇദ്ദേഹവും പോക്കുവരവിന് അപേക്ഷ നൽകാൻ ഒരുങ്ങുകയാണ്. കുഴുപ്പിള്ളി വില്ലേജ് ഓഫീസിൽ ഇതിനകം 350ഓളംപേർ ഭൂമിയുടെ കരം അടച്ചുകഴിഞ്ഞു.










0 comments