print edition യുഡിഎഫ് ഭരണകാലത്തെ മോഷണം ; ഗുരുവായൂർ തിരുവാഭരണം കണ്ടെത്തിയോ : എം വി ഗോവിന്ദൻ

തൃശൂർ
ഗുരുവായൂർ ക്ഷേത്രത്തിൽ യുഡിഎഫ് ഭരണകാലത്ത് നടന്ന തിരുവാഭരണ മോഷണക്കേസ് തെളിയിക്കാൻ അന്നത്തെ അന്വേഷണത്തിന് കഴിഞ്ഞില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശൂർ പ്രസ്‌ക്ലബ്ബിൽ ‘വോട്ട് വൈബ്’ പരിപാടിക്കിടെ ശബരിമല സ്വർണക്കവർച്ച സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല കേസിൽ അന്വേഷണം ശരിയായ ദിശയിലാണ്. എന്നാൽ, 1985ൽ മോഷണം പോയ ഗുരുവായൂരിലെ തിരുവാഭരണം ഇതുവരെ കണ്ടെത്താനായില്ല.
1985 ഏപ്രിലിലാണ് ഗുരുവായൂർ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്‌ടിക്കപ്പെട്ടത്. കെ കരുണാകരനായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് നേതാവ് പി ടി മോഹനകൃഷ്‌ണനായിരുന്നു ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ. അന്വേഷണത്തിൽ മേൽശാന്തി കക്കാട് ദാമോദരൻ നന്പൂതിരി, മകൻ ദേവദാസ് നന്പൂതിരി എന്നിവരെ അറസ്‌റ്റ് ചെയ്‌തു. ഇവരല്ല പ്രതികളെന്ന് പിന്നീട് തെളിഞ്ഞു. ഇവർ ഒരുപാട് പീഡിപ്പിക്കപ്പെട്ടു. 1993ൽ ഒരു സ്വകാര്യ വാർത്താ ചാനൽ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് റിപ്പോർട്ട് ചെയ്‌തു. തുടർന്ന് ജസ്‌റ്റിസ് കൃഷ്‌ണനുണ്ണി ചെയർമാനായി ജുഡീഷ്യൽ കമീഷനെ നിയോഗിക്കുകയും റിപ്പോർട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല, തിരുവാഭരണം കണ്ടെടുക്കാനുമായില്ല. ഇക്കാലത്തും യുഡിഎഫ് സർക്കാരാണ് കേരളം ഭരിച്ചത്.
ഇതുപോലെയല്ല ശബരിമല കേസ് അന്വേഷണം. എസ്‌ഐടി അന്വേഷണം ശരിയായ രീതിയിലാണ്. ഉത്തരവാദികളെന്ന് അന്വേഷകസംഘം കണ്ടെത്തുന്നവര്‍ക്കെതിരെയെല്ലാം ശക്തമായ നടപടി കൈക്കൊള്ളും. ശബരിമലയിൽ എസ്‌ഐടി അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സിപിഐ എമ്മാണ്. ശബരിമല അയ്യപ്പന്റെ ഒരുതരിപൊന്നുപോലും നഷ്‌ടപ്പെടരുതെന്നാണ് സിപിഐ എമ്മിന്റെയും സർക്കാരിന്റെയും നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments