print edition അവസാന നിമിഷംവരെയും ‘രക്ഷാപ്രവർത്തനം’

കെ സി വേണുഗോപാൽ, ഷാഫി പറമ്പിൽ, കെ സുധാകരൻ, വി ഡി സതീശൻ എന്നിവർക്കൊപ്പം മാങ്കൂട്ടത്തിലിൽ
ഒ വി സുരേഷ്
Published on Dec 05, 2025, 02:05 AM | 1 min read
തിരുവനന്തപുരം
നേതാവാകാൻ ഒരു സാധ്യതയുമില്ലാതിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പടിപടിയായി വളർത്തിയെടുത്ത് പിൻഗാമിയായി ഉയർത്തിക്കൊണ്ടുവന്നത് ഷാഫി പറമ്പിൽ. എല്ലാകാലത്തും സംരക്ഷണവലയവുമൊരുക്കി. ഷാഫിതന്നെ മാധ്യമങ്ങളോട് പറഞ്ഞതുപോലെ മോശം കാലത്തും കൂടെനിന്നു.
കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാൾ മാത്രമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പ്രസിഡന്റാക്കാനുള്ള ആദ്യശ്രമം തടഞ്ഞത് ഉമ്മൻ ചാണ്ടിയാണ്. അതോടെ, എൻഎസ്‌യു സെക്രട്ടറിയാക്കി ആശ്വസിപ്പിച്ചു. ഷാഫി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായപ്പോൾ ജനറൽ സെക്രട്ടറിയാക്കി. ഷാഫി ഒഴിഞ്ഞ പ്രസിഡന്റ് സ്ഥാനം വ്യാജ തിരിച്ചറിയൽ കാർഡുകളുടെ ബലത്തിൽ ഏൽപ്പിച്ചുനൽകി. വടകര ലോക്‌സഭാ മണ്ഡലത്തിൽനിന്ന് ഷാഫി ജയിച്ചപ്പോൾ രാജിവച്ച പാലക്കാട് നിയമസഭാ മണ്ഡലത്തിൽ, ഡിസിസി നേതൃത്വത്തിന്റെ താൽപ്പര്യങ്ങളെ മറികടന്ന് മത്സരിപ്പിച്ചു. അപ്പോഴേക്കും ഷാഫിയും രാഹുലും എ ഗ്രൂപ്പിൽനിന്ന് കെ സി വേണുഗോപാൽ പക്ഷത്തേക്ക് കൂടുമാറിയിരുന്നു.
രാഹുലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കാനുള്ള ആലോചനയറിഞ്ഞപ്പോൾ ഷാഫിയെ എതിർപ്പ് അറിയിച്ചിരുന്നതായി അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് എം എ ഷഹനാസ് വെളിപ്പെടുത്തിയിരുന്നു. യൂത്ത് കോൺഗ്രസിലെ വനിതാ നേതാക്കളുടെ പരാതികളുൾപ്പെടെ ഷാഫിക്ക് ലഭിച്ചിരുന്നു. മുൻ എംപിയുടെ മകളുടെ അനുഭവവും നേതാക്കൾക്ക് അറിയാം. എല്ലാത്തിനെയും നേരിട്ടത് സൈബർ സംഘത്തെ ഉപയോഗിച്ചായിരുന്നു. ഇൗ സംഘം കോൺഗ്രസിനെ ഹൈജാക്ക് ചെയ്തതായി നേതാക്കൾതന്നെ പറയുന്നു. കേസെടുത്തപ്പോൾ എട്ടുദിവസം ഒളിവിൽ കഴിയാൻ സഹായിച്ചതും സംരക്ഷിച്ചവർതന്നെ. കോൺഗ്രസിൽനിന്ന് പുറത്താക്കിയതിനെക്കുറിച്ചുള്ള പ്രതികരണത്തിലും രാഹുലിനെ തള്ളിപ്പറയാനോ ചെയ്തത് തെറ്റാണെന്നു പറയാനോ ഷാഫി പറമ്പിൽ തയ്യാറായില്ല.
രാജി തീരുമാനിക്കേണ്ടത് രാഹുൽ: കെ സി വേണുഗോപാൽ
എംഎൽഎ സ്ഥാനം രാജിവയ്‌ക്കണോയെന്ന് രാഹുൽ മാങ്കൂട്ടത്തിലാണ് തീരുമാനിക്കേണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഹുലിനെ പാർടിയിൽനിന്ന് പുറത്താക്കാനുള്ള കെപിസിസിയുടെ തീരുമാനം എഐസിസി അംഗീകരിക്കുകയായിരുന്നു. ഷാഫി പറന്പിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഇപ്പോൾ മറുപടി പറയുന്നില്ല.









0 comments