കൊച്ചി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവും 
വിദേശപക്ഷിക്കടത്തും പിടിച്ചു

Hybrid Ganja Case
വെബ് ഡെസ്ക്

Published on Dec 05, 2025, 12:45 AM | 1 min read


കൊച്ചി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡിആര്‍ഐ, കസ്റ്റംസ് എയര്‍ ഇന്റലിജൻസ്‌ വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ഹൈബ്രിഡ് കഞ്ചാവ്, വിദേശപക്ഷികളുടെ അനധികൃത കടത്ത് എന്നിവ പിടികൂടി.


വ്യാഴം പകൽ 1.35ന്‌ വിശാഖപട്ടണത്തുനിന്ന് ഇൻഡിഗോ വിമാനത്തിൽ ചെന്നൈ വഴി കൊച്ചിയിലെത്തിയ ചെന്നൈ സ്വദേശി ബിജു ഫെബിൻ എന്ന യാത്രക്കാരനില്‍നിന്നാണ് ഡിആർഐ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്. 2.296 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ചെക്ക് ഇൻ ബാഗിൽ 574 ഗ്രാം വീതമുള്ള നാല്‌ പാക്കറ്റുകളിലായാണ് സൂക്ഷിച്ചിരുന്നത്. ഇതിന് രണ്ട് കോടി രൂപ വിലമതിക്കും. ലഹരിക്കടത്ത് ഏജന്റായ ഇയാൾ വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് കൊച്ചിയിൽ എത്തിച്ചെന്നാണ് സൂചന. വിശദ അന്വേഷണം നടക്കുന്നതായി ഡിആർഐ അറിയിച്ചു.


​വിമാനത്താവളത്തിൽ കസ്‌റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി തായ്‌ലൻഡിൽനിന്ന് കടത്താൻ ശ്രമിച്ച വിദേശയിനം പക്ഷികളെ പിടികൂടിയത്. മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ വ്യാഴം പുലർച്ചെ ക്വാലാലംപുരിൽനിന്നെത്തിയ ദമ്പതികളില്‍നിന്നാണ് പക്ഷികളെ പിടികൂടിയത്. ഏഴു വയസ്സുള്ള മകനും ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്നു. തത്തകളുൾപ്പെടെ 11 ഇനം പക്ഷികളെയാണ് ഇവര്‍ അനധികൃതമായി എത്തിച്ചത്.


ഗ്രീൻ ചാനലിലൂടെ പുറത്തേക്ക്‌ കടക്കാൻ ശ്രമിക്കുന്നതിനിടെ സംശയംതോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്ത‌പ്പോഴാണ് പക്ഷിക്കടത്ത് വ്യക്തമായത്. കൈവശമുണ്ടായിരുന്ന വലിയ ബാഗിലാണ് പക്ഷികളെ സൂക്ഷിച്ചിരുന്നത്. ഇപ്പോള്‍ വിമാനത്താവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന പക്ഷികളെ തിരികെ തായ്‌ലൻഡിലേക്ക്‌ അയക്കും. ദമ്പതികളെ അന്വേഷണത്തിനായി വനംവകുപ്പിന് കൈമാറി. കസ്‌റ്റംസ് ഡെപ്യൂട്ടി കമീഷണർ (ഇന്റലിജൻസ്) റോയ് വർഗീസ്, അസി. കമീഷണർമാരായ പോൾ പി ജോർജ്, ജയിംസ് രോഷി, സൂപ്രണ്ടുമാരായ അജയ്കുമാർ, ലോകേഷ് തുടങ്ങിയവരുടെ നേത്യത്വത്തിലാണ് പക്ഷിക്കടത്ത് പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home