കഷണ്ടിക്കൊക്കുകളുടെ കൊറ്റില്ലം കൊല്ലത്തും

തെങ്ങിൽ കൂടുകൂട്ടിയിരിക്കുന്ന കഷണ്ടിക്കൊക്കുകൾ

തെങ്ങിൽ കൂടുകൂട്ടിയിരിക്കുന്ന കഷണ്ടിക്കൊക്കുകൾ

avatar
സ്വന്തം ലേഖിക

Published on Dec 05, 2025, 12:54 AM | 1 min read

കൊല്ലം

കണ്ടൽക്കാടുകളിലും ചതുപ്പുകളിലും മാത്രം കൂടുകൂട്ടിയിരുന്ന കഷണ്ടിക്കൊക്കുകളുടെ കൊറ്റില്ലം കൊല്ലത്തും. നീർപക്ഷിയായ ബ്ലാക്ക് ഹെഡ്ഡ് ഐബിസ് അഥവാ കഷണ്ടിക്കൊക്കുകളെ ശക്തികുളങ്ങര തുറമുഖത്തോടു ചേർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കണ്ടെത്തിയത്. രണ്ടുതെങ്ങിന്റെ മണ്ടയിൽ ഒന്നിനോടൊന്നു ചേർന്ന്‌ പ്ലാറ്റ്‌ഫോം കണക്കുള്ള അഞ്ച്‌ കൂടാണുള്ളത്. പുതുതായി വിരിഞ്ഞതുമുതൽ പറക്കാറായവ ഉൾപ്പെടെ 11 ഐബിസ് കുഞ്ഞുങ്ങളുണ്ട്. നിർമാണത്തിലുള്ള പുതിയ കൂടുകളുമുണ്ട്. സാധാരണ കൊക്കുകൾ അടക്കമുള്ള നീർപക്ഷികൾ തെങ്ങുകളിൽ കൂടുകൂട്ടാറില്ല. തെങ്ങുകളിലൊന്നിൽ ചെറുമുണ്ടിയും കൂടുകൂട്ടിയിട്ടുണ്ട്. ഫാത്തിമ മാതാ നാഷണൽ കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവി പി ജെ സർലീൻ, സാൻഡി മോറിസ്, സാവിയോ മോറിസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കൊറ്റില്ലങ്ങളുടെ വാർഷിക കണക്കെടുപ്പിലാണ് ഇവയെ കണ്ടെത്തിയത്‌. ഈ പഠനം ജില്ലയിൽനിന്ന്‌ ആദ്യം സ്ഥിരീകരിച്ച പ്രജനനരേഖയും സംസ്ഥാനത്തിലെ ആറാമത്തേതുമാണ്. വയനാട്, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രമായിരുന്നു ഇതുവരെ ഇവയുടെ പ്രജനന രേഖകൾ ലഭ്യമായിട്ടുള്ളത്‌. അരമീറ്ററിലേറെ ഉയരമുള്ള കഷണ്ടിക്കൊക്കുകൾക്ക് വെള്ള നിറമാണ്‌. കറുത്ത കഴുത്ത്, തല, താഴോട്ടു വളഞ്ഞനീണ്ട കറുത്ത കൊക്ക് എന്നിവയാൽ ഒറ്റനോട്ടത്തിൽ കഷണ്ടിയെന്നു തോന്നിക്കും. വരണ്ട പ്രദേശങ്ങളിലും മനുഷ്യവാസം കുറഞ്ഞ ആവാസവ്യവസ്ഥകളിലും കാണാറുള്ള ഇവ കേരളത്തിൽ 1990-കളുടെ മധ്യകാലം വരെ അപൂർവമായിരുന്നു. ഇതിന്റെ ശാസ്ത്രീയവിവരങ്ങൾ പരിമിതമായതിനാലും എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാലും സംരക്ഷണ പരിഗണന നൽകേണ്ട ഇനമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പതിവുവിട്ട കൂടൊരുക്കൽ പതിവിൽനിന്ന് വ്യത്യസ്തമായി ഊഷരഭൂമിയിൽ വളരെ ഉയർന്ന തെങ്ങുകളിലാണ് കൂട്‌ കണ്ടെത്തിയത്. ചതുപ്പുനിലങ്ങളോട്‌ അടുത്തുള്ള കണ്ടൽച്ചെടി, മുള തുടങ്ങിയ മരങ്ങളിലാണ്‌ സാധാരണ ഇവ കൂടൊരുക്കാറുള്ളത്. ചുറ്റുപാടുകളിൽനിന്ന് ശേഖരിച്ച കമ്പുകളും പുല്ലുമാണ് ഉപയോഗിക്കുക. എന്നാൽ, ഇപ്പോൾ കണ്ടെത്തിയ കൂടുകളിൽ പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളും കമ്പികളും കണ്ടെത്തി. മഴക്കാലമായ ജൂൺ–സെപ്‌തംബർ മാസങ്ങളിലാണ് സാധാരണ കൂട് പണിയുകയും മുട്ടയിടുകയും ചെയ്യുന്നത്‌. തിരക്കേറിയ നഗരമേഖലകളിലേക്ക്‌ ഇവ കയറി കൂടുകൂട്ടിയത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home