സിപിഐ എം ഓഫീസ് നിർമിക്കാൻ ഭൂമി നൽകി
ഇത് നമ്മുടെ പാർടിക്ക്

സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന് 10.5 സെന്റ് ഭൂമിയുടെ രേഖകൾ ദാമോദരൻപിള്ളയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു
ചവറ
സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിനു സൗജന്യമായി ഭൂമി നല്‍കി ചവറ തെക്കുംഭാഗത്തെ ആദ്യകാല കമ്യൂണിസ്റ്റും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന ദാമോദരൻപിള്ളയുടെ കുടുംബം. തെക്കുംഭാഗം നടക്കാവിലെ 10.5സെന്റ് ഭൂമിയുടെ രേഖകളാണ് ദാമോദരൻപിള്ളയുടെ കുടുംബാംഗങ്ങളായ സുഷമാദേവി, ഡി വിഷ്ണു, എസ് വിദ്യ എന്നിവർ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ഇവരുടെ പേരിലുള്ളതാണ് ഭൂമി. ദാമോദരൻപിള്ളയുടെ സ്മരണാര്‍ഥം പാര്‍ടി ഓഫീസ് നിര്‍മാണത്തിന് ഭൂമി കൈമാറണമെന്നത് ഇവരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഭൂമി നേരത്തേ പാര്‍ടിക്ക് കൈമാറിയിരുന്നെങ്കിലും മുഖ്യമന്ത്രി ജില്ലയിലെത്തുന്ന സമയം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ രേഖകള്‍ കൈമാറണമെന്ന ആഗ്രഹമാണ് സാധിച്ചതെന്ന് വിഷ്ണു പറഞ്ഞു. രണ്ടുഘട്ടമായാണ് ഭൂമി കൈമാറിയത്. ആദ്യം നാലും പിന്നീട് ആറര സെന്റും നല്‍കി. കൊല്ലം കോര്‍പറേഷന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്യുന്നതിനാണ് മുഖ്യമന്ത്രി ജില്ലയില്‍ എത്തിയത്. വരവ് അറിഞ്ഞ് ദാമോദരൻപിള്ളയുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണുന്നതിനായി അനുമതി തേടിയിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എസ് ജയമോഹന്‍, ലോക്കല്‍ സെക്രട്ടറി ബാജി സേനാധിപന്‍, ദേശക്കല്ല് ബ്രാഞ്ച് സെക്രട്ടറി അഷ്ടമുടി വേണുനാഥ്, കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ചവറ തെക്കുഭാഗം പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ശക്തീകരണത്തിനും നിർണായക പങ്കുവഹിച്ച ആളാണ് പുത്തൻവീട്ടിൽ കിഴക്കതിൽ ദാമോദരൻപിള്ള.









0 comments