ad
Deshabhimani

സ്വകാര്യ ബസ് പണിമുടക്ക്‌ നാളെ

ആശങ്കയുടെ ചക്രമുരുളുന്നു

ആലപ്പുഴ എസ്ഡിവി സ്കൂളിന് മുൻവശത്തെ സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുന്നവർ
avatar
സ്വന്തം ലേഖകൻ

Published on Jul 07, 2026, 01:00 AM | 1 min read

ആലപ്പുഴ

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിൽ സ്‌‍ത്രീകള്‍ക്ക്‌ സൗജന്യയാത്ര തുടങ്ങിയശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സ്വകാര്യ ബസ് ഉടമകള്‍. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ബുധൻ ആലപ്പുഴയില്‍ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി സുചനാ പണിമുടക്ക് നടത്തുമെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട് അസോസിയേഷന്‍ അറിയിച്ചു. കലക്‍ടറേറ്റിലേക്ക് മാര്‍ച്ചും നടത്തും. സൗജന്യയാത്ര അനുവദിച്ചതുമുതല്‍ യാത്രക്കാരെ ലഭിക്കാതെ ജില്ലയിൽ 60 ശതമാനത്തോളം വരുമാന നഷ്‍ടമുണ്ടായെന്നാണ് ഉടമകളുടെ കണക്ക്. കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതലായ ആലപ്പുഴ – ഇരട്ടക്കുളങ്ങര റൂട്ടിൽ കടുത്ത പ്രതിസന്ധിയാണ്. കലക്‍ടറേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരായ സ്‍ത്രീകളും ആലപ്പുഴ ടൗണിലേക്കുള്ളവരും പൂര്‍ണമായും സ്വകാര്യ ബസുകളെ ഒഴിവാക്കി. കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്ത ചേര്‍ത്തല തീരദേശ റൂട്ടിൽ മാത്രമാണ് വലിയ പ്രതിസന്ധിയില്ലാത്തത്‌. മുന്നൊരുക്കങ്ങളോ ദീര്‍ഘവീക്ഷണമോ ഇല്ലാതെ തെരഞ്ഞെടുപ്പ് ജയം മാത്രം മുന്‍നിര്‍ത്തി പ്രഖ്യാപിച്ച സൗജന്യയാത്ര പൊതുഗതാഗത സംവിധാനം താറുമാറാക്കിയെന്ന് കെബിടിഎ ജില്ലാ പ്രസിഡന്റ് പി ജെ കുര്യന്‍ പറഞ്ഞു. പരിഹാരം കാണാന്‍ ഫലപ്രദമായ ബദല്‍ കൊണ്ടുവരാന്‍ ഗതാഗതവകുപ്പിനും സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. ഡീസലിന് 50 ശതമാനം സബ്‌സിഡി, നികുതിയിളവ്, സീറോ ടിക്കറ്റിന് റീ ഇംമ്പേഴ്‌സ്‌മെന്റ് തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിച്ച് പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും പി ജെ കുര്യൻ ആവശ്യപ്പെട്ടു. കലക്‍ടറേറ്റ് ധര്‍ണ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സെക്രട്ടറി എസ് എം നാസര്‍, കലേഷ് കുമാര്‍, അബ്ദുള്‍ റസാക്ക്, ഷാജിലാല്‍, ബിജു ദേവിക, സുനീര്‍ ഫിര്‍ദോസ്, റിനു സഞ്ചാരി എന്നിവര്‍ യോഗത്തിൽ സംസാരിച്ചു. ​കെഎസ്ആര്‍ടിസിക്ക് കിട്ടേണ്ടത് 3.6 കോടി പദ്ധതി തുടങ്ങിയ ജൂൺ 15 മുതൽ ജൂലൈ അഞ്ചുവരെ 18,89,277 സ്‍ത്രീകളാണ് ജില്ലയിൽ ഓർഡിനറിയിൽ സൗജന്യയാത്ര ചെയ്‍തത്. 3,66,23,892 രൂപയാണ് ഇതുവഴി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നൽകാനുള്ളത്. സൗജന്യയാത്രയ്‌‍ക്ക് പിന്നാലെ വരുമാനം ഇടിഞ്ഞെന്നും ദിവസേന ഉള്ള ഡീസൽ അടിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കെഎസ്ആര്‍ടിസി ജീവനക്കാരും പറയുന്നു. അത്യാവശ്യം വേണ്ട സ്‍പയര്‍പാര്‍ട്‌സ് പോലും വാങ്ങാനാകുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home