ആകാശവാണി ആലപ്പുഴ നിലയം
ആശങ്കയൊഴിയാതെ പ്രക്ഷേപണം പുനരാരംഭിച്ചു

ആലപ്പുഴ
ആകാശവാണി ആലപ്പുഴ നിലയത്തിൽനിന്ന് പ്രക്ഷേപണം പുനഃരാരംഭിച്ചു. മീഡിയം വേവ് ട്രാൻസ്‌മിറ്റർ തകരാറായതിനെത്തുടർന്നാണ് അഞ്ച് ദിവസമായി പ്രക്ഷേപണം നിലച്ചത്. ചൊവ്വ വൈകിട്ട് ആറോടെ തകരാർ പരിഹരിച്ച് പ്രക്ഷേപണം പുനഃരാരംഭിച്ചു. 27 വർഷം പഴക്കമുള്ള ട്രാൻസ്‌മിറ്ററാണ് ആലപ്പുഴ നിലയത്തിലേത്. മറ്റ് സ്‌റ്റേഷനുകളിൽനിന്ന് സംഘടിപ്പിച്ചതും നന്നാക്കിയെടുത്തതുമായ യന്ത്രഭാഗങ്ങൾ ഉപയോഗിച്ചാണ് ആലപ്പുഴ സ്‌റ്റേഷനിലെ മീഡിയം വേവ് ട്രാൻസ്‌മിറ്റർ താൽക്കാലികമായി പ്രവർത്തിപ്പിച്ചത്. ഇതിന് എത്ര ആയുസുണ്ടെന്ന് പറയാൻ കഴിയില്ലെന്ന് സാങ്കേതികവിദഗ്‌ധർ പറയുന്നു. ആറുവർഷം മുന്പ് ആലപ്പുഴ റേഡിയോ നിലയം നിർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചതാണ്. വ്യാപകപ്രതിഷേധവും എതിർപ്പുകളും അന്നത്തെ സംസ്ഥാന സർക്കാരിന്റെ സമ്മർദവും കാരണം ഇതിൽനിന്ന് കേന്ദ്രസർക്കാർ പിൻമാറുകയായിരുന്നു. എന്നാൽ, നിലയത്തിന് അറ്റകുറ്റപ്പണിക്ക് ആവശ്യമായ അനുബന്ധ യന്ത്രഭാഗങ്ങൾ പോലും പിന്നീട് ലഭ്യമാക്കാൻ തയ്യാറായില്ല. നിലയം സ്വയം നിലയ്‌ക്കട്ടെ എന്ന നിലപാടിലായിരുന്നു കേന്ദ്രസർക്കാർ. രാജ്യത്തെ മറ്റെല്ലാ റേഡിയോ സ്‌റ്റേഷനുകളിലും പുതിയ ട്രാൻസ്‌മിറ്റർ സ്ഥാപിച്ചപ്പോഴും ആലപ്പുഴ സ്‌റ്റേഷനെ അവഗണിക്കുകയായിരുന്നു.








0 comments