താറുമാറാക്കി ഡോക്‌ടർമാരുടെ സ്ഥലംമാറ്റം
താക്കീതായി ഉപരോധ സമരം

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉൾപ്പടെയുള്ള നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കുന്നു
വണ്ടാനം
ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്ന് ഡോക്ടർമാരെ സ്ഥലംമാറ്റി ആശുപത്രിയടെ പ്രവർത്തനം താറുമാറാക്കിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. വിവിധ വിഭാഗങ്ങളിലെ എട്ട് ഡോക്‍ടര്‍മാരെയാണ് തിരുവനന്തപുരത്തെ കെ കരുണാകരൻ മെമ്മോറിയൽ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ആരോഗ്യമന്ത്രി രണ്ടുതവണ സന്ദർശിച്ചപ്പോഴും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മന്ത്രി സ്വന്തംപിതാവിന്റെ പേരിലുള്ള ആശുപത്രിയ്‌ക്ക് മെഡിക്കൽ കൗൺസിൽ അംഗീകാരം നേടിയെടുക്കാൻ ഡോക്ടർമാരെ മാറ്റുകയാണെന്ന് ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ പറഞ്ഞു. ഇതിനെല്ലാം കൂട്ടുനിൽക്കുന്ന സ്ഥലം എംഎൽഎ നിർധനരോഗികളെ പരിഹസിക്കുകയാണെന്നും ജയിംസ് പറഞ്ഞു. അവധിയെടുത്ത് വിദേശത്ത് 21 ഡോക്ടർമാരുടെ ഒഴിവിന് പരിഹാരം കാണാതെയാണ് ഇപ്പോൾ എട്ടുഡോക്ടർമാരെ സ്ഥലംമാറ്റുന്നത്. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കുകയാണ്. പകരം ഡോക്ടർമാർ എത്താതെ ഇവിടെനിന്ന് ആരെയും മാറ്റില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്ന ആവശ്യം സമരത്തിൽ ഉന്നയിച്ചു. എൻ ജി ഒ അസോസിയേഷൻ നേതാവിനോട് സൂപ്രണ്ട് അനുവാദം തേടിയത് വിവാദമായി. കൂടുതൽ പൊലീസെത്തി സമരക്കാരെ അറസ്റ്റുചെയ്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ ആർ രാംജിത്ത്, അനസ് എ നസിം, ട്രഷറർ ജെ ജിസ്മി, സി ശ്യാംകുമാർ, അജ്മൽ ഹസൻ, കെ ജി അരുൺ കുമാർ, അനീഷ് കുര്യൻ, എം സുമേഷ്, ജീതു പ്രവീൺ, ബ്ലോക്ക് സെക്രട്ടറി അമൽ വിജയൻ, ട്രഷറർ എസ് അജ്വോദ് എന്നിവർ ഉപരോധസമരത്തിന് നേതൃത്വംനൽകി. സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജിയും സ്ഥലത്തെത്തിയിരുന്നു.








0 comments