മരണവീട്ടിൽ കയറി വടിവാൾ വീശി ബിജെപി പ്രവർത്തകന്റെ അഴിഞ്ഞാട്ടം

കലവൂർ
മരണ അടിയന്തിര ചടങ്ങിനിടെ വീട്ടിൽ കയറി ബിജെപി പ്രവർത്തകൻ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ത്രിവേണി കോർത്തുശ്ശേരിയിൽ വെള്ളി പുലർച്ചെ 12.30 ഓടെയാണ് സംഭവം. ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുംബം താമസിക്കുന്നിടത്താണ് പ്രദേശവാസിയായ സുഭാഷ് വടിവാൾ വീശി ഭീഷണിപ്പെടുത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. നാലു കുടുംബങ്ങൾ താമസിക്കുന്നിടത്ത് വെള്ളിയാഴ്ച അടിയന്തിര ചടങ്ങിന് മുന്നോടിയായി പാചകം നടക്കുമ്പോൾ ആണ് ബിജെപി പ്രവർത്തകൻ വടിവാൾകാട്ടി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയത്. വടിവാൾ ഉയർത്തിയപ്പോൾ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞ് സ്ത്രീകൾ നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. പരാതി നല്‍കാതെയിരിക്കാന്‍ ബിജെപിക്കാർ തന്നെ രംഗത്തിറങ്ങിയിരുന്നു. എന്നാൽ വീഡിയോ പ്രചരിച്ചതോടെ മണ്ണഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ മധുവിന്റെ നേതൃത്വത്തിൽ സുഭാഷിന്റെ വീട് റെയ്ഡ് ചെയ്‌ത് വടിവാൾ കസ്റ്റഡിയിലെടുത്തു. ആയുധം കൈവശം വച്ചതിനും വീട്ടിൽ കയറി മാരകായുധം കാട്ടി ഭീഷണിപ്പെടുത്തിയതിനും രണ്ട് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്.







0 comments