ബിഡിജെഎസിന്റെ സീറ്റുംവെട്ടി
എൻഡിഎ പോസ്റ്ററിൽ കൺവീനർ തുഷാറില്ല

സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളിയെ ഒഴിവാക്കിയ എൻഡിഎ പോസ്റ്റർ
ആലപ്പുഴ
സീറ്റ് വെട്ടിയതിന് പിന്നാലെ എൻഡിഎയുടെ പ്രചാരണസാമഗ്രികളിൽനിന്നും കൺവീനർ തുഷാർ വെള്ളാപ്പള്ളിയെ ഒഴിവാക്കി ബിജെപി. പോസ്റ്ററിൽ നരേന്ദ്രമോദിയെയും രാജീവ് ചന്ദ്രശേഖറെയും ഉൾപ്പെടുത്തിയപ്പോൾ തുഷാറിന്റെ ഫോട്ടോ ഇത്തവണ ഒഴിവാക്കി. ബിഡിജെഎസ് സ്ഥാനാർഥികളുടെ പ്രചാരണ സാമഗ്രികളിൽ ബിജെപിക്ക് അവഗണനയില്ല. ബിഡിജെഎസിന് പ്രധാനകേന്ദ്രങ്ങളായ ചേർത്തലയിലും ആലപ്പുഴയുടെ തെക്കൻ മേഖലകളിലും ചോദിച്ച സീറ്റ് ബിജെപി നൽകിയിട്ടില്ല. കഴിഞ്ഞ തവണ 650 സീറ്റിൽ മത്സരിച്ച ബിഡിജെഎസിന് ഇക്കുറി 320 സീറ്റ് മാത്രം. ഇങ്ങനെ ബിജെപി പിടിച്ചെടുത്ത സീറ്റുകളിൽ സ്ഥാനാർഥിയെ പോലും നിർത്താതെ കോൺഗ്രസുമായി ഒത്തുകളിയായതോടെ തെക്കൻ മേഖലകളിൽ ബിഡിജെഎസ് സ്വന്തമായി സ്ഥാനാർഥികളെ നിർത്തി. തുഷാർ വെള്ളാപ്പള്ളിയുടെ പിന്തുണയോടെയായിരുന്നു ഇൗ തീരുമാനം. ബിഡിജെഎസ് പ്രതിഷേധം പ്രവർത്തനങ്ങളെ ബാധിക്കുന്ന സ്ഥിതിയായതോടെ ബിജെപി നേതാക്കളുമായി മൂന്ന് തവണ ചർച്ച നടത്തി. എന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ തർക്കം പരിഹരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്‌ച നടത്തിയിരുന്നു. തർക്കം പരിഹരിച്ചെന്നും സ്ഥാനാർഥികളെ പിൻവലിക്കുമെന്നും നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ അവഗണന തുടർന്നതോടെ ബിഡിജെഎസ് സ്ഥാനാർഥികളെ പിൻവലിച്ചില്ല. ബിഡിജെഎസ് മത്സരിക്കുന്ന പല സ്ഥലങ്ങളിലും ബിജെപി പ്രചരണത്തിനും ഇറങ്ങിയിട്ടില്ല. ബിഡിജെഎസ് ആവശ്യപ്പെട്ട ജില്ലാ പഞ്ചായത്ത് നൂറനാട് ഡിവിഷനിൽ ബിജെപി ഏകപക്ഷീയമായി സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ആലപ്പുഴ നഗരസഭയിലടക്കം സ്ഥാനാർഥികളെ നിർത്താതെ കോൺഗ്രസിനെ സഹായിക്കുന്നതിൽ ബിജെപിയിൽ തർക്കം രൂക്ഷമാണ്. ബിജെപിയുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ട കാര്യമില്ലെന്നാണ് ബിഡിജെഎസിലെ ഒരുവിഭാഗത്തിന്റെ കർശന നിലപാട്.









0 comments