സബീർ മുങ്ങി: കണ്ടെത്താനാകാതെ പൊലീസ്

സബീർ
മാന്നാർ
കുളിക്കടവില്‍ വീട്ടമ്മയെ പീഡിപ്പിച്ച് വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ്. കൊലക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയിലില്‍ നിന്നിറങ്ങിയ പരുമല കോട്ടയ്ക്കമാലില്‍ സബിറാണ് പൊലീസിനെ വട്ടംചുറ്റിക്കുന്നത്. നാല് മാസം മുമ്പാണ് വീടിന് സമീപത്തുള്ള കുളിക്കടവിൽ തുണി നനച്ചിരുന്ന വീട്ടമ്മയെ ക്രൂരമായി മർദിച്ച ശേഷം പീഡിപ്പിക്കുവാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ചത്. കുരട്ടിക്കാട് തൊമ്മൻപറമ്പ് കടവിൽ പട്ടാപ്പകലായിരുന്നു സംഭവം. കുളിക്കടവിൽ മറ്റാരും ഇല്ലാതിരുന്ന നേരത്ത് തുണി നനയ്‌ക്കുകയായിരുന്ന വീട്ടമ്മയെ പിന്നിലൂടെ നീന്തി എത്തി തുണി കൊണ്ട് മുഖംമൂടി വെള്ളത്തിലേക്ക് തള്ളിയിട്ട് ക്രൂരമായി മർദിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. മറ്റൊരു വീട്ടമ്മ കുളിക്കടവിലേക്ക് വരുന്നത് കണ്ട പ്രതി ആറ്റിലൂടെ നീന്തി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പരുമലയിലെ സ്വകാര്യ ആശുപതിയിൽ ചികിത്സ തേടിയിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്‌പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് നാട്ടിലാകെ അരിച്ച് പെറുക്കിയെങ്കിലും പിടികൂടാനായില്ല. നാട്ടുകാരും സംഘടിച്ച് ഇയാൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള നദീതീരങ്ങളിലും പൊന്തക്കാടുകളിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസ് സബീറിനായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്ന ഇയാളെ കുറിച്ച് വിവരം കിട്ടുന്നവർ പൊലീസിന്റെ മൊബൈൽ നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് പുറപ്പെടുവിച്ചിരിക്കുന്ന നോട്ടീസിൽ പറയുന്നു. ചെങ്ങന്നൂർ ഡിവൈഎസ് പി യുടെയും മാന്നാർ എസ് എച്ച് ഒ യുടെയും നമ്പർ കൊടുത്തിട്ടുണ്ട്. കൂടാതെ ഇയാളുടെ ഫോട്ടോകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫോൺ. 9497990043 ,94979 87066









0 comments