ad
Deshabhimani

അനഘം അമരം മേനാശേരി

മേനാശേരി രക്തസാക്ഷി മണ്ഡപം
avatar
സ്വന്തം ലേഖകൻ

Published on Oct 25, 2025, 01:28 AM | 1 min read

തുറവൂർ

സി പിയുടെ ചോറ്റുപട്ടാളത്തോട്‌ ഏറ്റുമുട്ടി രക്‌തസാക്ഷിത്വം വരിച്ച 13കാരൻ അനഘാശയനും ഏറ്റുമുട്ടലിനിടെ പട്ടാളക്കാരന്റെ കൈ വെട്ടിവീഴ്‌ത്തിയ വേലായുധനും അടക്കമുള്ള മേനാശേരി രണധീരർക്ക്‌ ശനിയാഴ്‌ച നാട്‌ വീരവണക്കമേകും. സി പിയുടെ ദിവാൻ ഭരണത്തിനും അമേരിക്കൽ മോഡലിനും എതിരെയും പ്രായപൂർത്തി വോട്ടവകാശം നേടാനുമായി നടന്ന പുന്നപ്ര–വയലാർ സമരത്തിലെ ഉജ്വലമായ അധ്യായമാണ്‌ മേനാശേരി. സി പിയുടെ ചോറ്റുപട്ടാളത്തോട്‌ ഏറ്റുമുട്ടി ഇവിടെ വീരമൃത്യു വരിച്ചത്‌ നൂറുകണക്കിന്‌ പേർ. 1946 ഒക്‌ടോബർ 25 നാണ്‌ പറപ്പള്ളി തോട്ടിലൂടെ സി പി രാമസ്വാമി അയ്യരുടെ ചോറ്റുപട്ടാളം കെട്ടുവള്ളങ്ങളിലും ബോട്ടുകളിലും മേനാശേരിയിൽ എത്തിയത്‌. മേനാശേരി ക്ഷേത്രത്തിന്‌ പടിഞ്ഞാറുഭാഗത്താണ്‌ തൊഴിലാളി ക്യാന്പ്‌ പ്രവർത്തിച്ചിരുന്നത്‌. ഇതായിരുന്നു പട്ടാളത്തിന്റെ ലക്ഷ്യം. ആയിരക്കണക്കിന്‌ തൊഴിലാളികൾ ക്യാന്പിലുണ്ടായിരുന്നു. പട്ടാളമെത്തിയത്‌ അറിഞ്ഞതോടെ, തൊഴിലാളികൾ മൂന്നുവ‍ഴികളിലൂടെ മുന്നോട്ടുനീങ്ങി. കൈയിൽ കിട്ടിയ ആയുധങ്ങളും എടുത്തായിരുന്നു പട്ടാളത്തെ നേരിടാനുറച്ചുള്ള യാത്ര. ഇതിനിടെ, പട്ടാളത്തിന്‌ സി പിയുടെ നിർദേശങ്ങളടങ്ങിയ നോട്ടീസ്‌ ഹെലികോപ്‌റ്ററിൽ വിതറുന്നുണ്ടായിരുന്നു. ജന്മികളുടെയും മാടന്പിമാരുടെയും മുഴുവൻ പിന്തുണയും പട്ടാളത്തിനുണ്ടായിരുന്നു. തുടർന്ന്‌ നടന്ന വെടിവയ്‌പിൽ ഒട്ടേറെ സമരഭടന്മാർ രക്‌തസാക്ഷികളായി. രക്ഷപ്പെട്ടവർ ഒളിച്ചിരുന്ന അയ്യങ്കാട്ട്‌ വീടിന്റെ നിലവറയും പട്ടാളക്കാർ തീവച്ച്‌ നശിപ്പിച്ചു. ഇവിടെനിന്ന്‌ അനേകം തലയോട്ടികൾ പിന്നീട്‌ കണ്ടെടുത്തു. മേനാശേരി ദിനാചരണത്തിന്റെ ഭാഗമായി ശനിയാഴ്‌ച വൈകിട്ട്‌ നാലിന്‌ പട്ടണക്കാട്‌ പഞ്ചായത്തിലെ എല്ലാ വാർഡുകളിലുംനിന്ന്‌ ചെറുപ്രകടനങ്ങൾ മേനാശേരി രക്‌തസാക്ഷി മണ്ഡപത്തിൽ വൈകിട്ട്‌ അഞ്ചിന്‌ സംഗമിക്കും. തുടർന്ന്‌ പുഷ്‌പചക്ര സമർപ്പണവും പുഷ്‌പാർച്ചനയും. ഇവിടെനിന്ന്‌ സംയുക്‌ത പ്രകടനമായി പൊതുസമ്മേളനനഗരിയായ അനഘാശയൻ നഗറിൽ (പൊന്നാംവെളി) എത്തിച്ചേരും. അനുസ്മരണ സമ്മേളനത്തിൽ മേനാശേരി വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷനാകും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. ഇരു കമ്യൂണിസ്റ്റ് പാർടികളുടെയും നേതാക്കളായ എ എം ആരിഫ്, ടി ടി ജിസ്‌മോൻ, മനു സി പുളിക്കൽ, എസ് സോളമൻ, എൻ പി ഷിബു, എൻ എസ് ശിവപ്രസാദ്, പി കെ സാബു, എം സി സിദ്ധാർഥൻ , ടി കെ രാമനാഥൻ എന്നിവർ സംസാരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home