അമ്പരപ്പിച്ച് അമ്പലപ്പുഴ വടക്ക്

വി പ്രതാപ്
Published on Oct 11, 2025, 01:47 AM | 1 min read
അമ്പലപ്പുഴ
പൊതുജനങ്ങൾക്ക് സേവനം നൽകുന്നതിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും കൃത്യതയും നിരീക്ഷണവും സാങ്കേതിക മികവോടെ (ഐഎൽജിഎംഎസ്) നടപ്പാക്കി, മികവിൽ തിളങ്ങി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്. തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ നേട്ടം. ഗ്രാമീണ റോഡുകളും നാട്ടിടവഴികളും തൊഴിലുറപ്പു പദ്ധതിയിൽ 2.46 കോടി രൂപയോളം ചെലവഴിച്ച് സഞ്ചാരയോഗ്യമാക്കി. വർക്ക് ഷെഡുകൾ, പശുത്തൊഴുത്തുകൾ, ആട്ടിൻ കൂടുകൾ, കയർ ഭൂവസ്ത്രം ഇവക്കെല്ലാം ഒരോ സാമ്പത്തിക വർഷവും ഏഴുകോടിയിലധികം രൂപയാണ് ചെലവഴിച്ചത്. എല്ലാ സാമ്പത്തിക വർഷവും നൂറ് ശതമാനം നികുതി പിരിച്ചുകൊണ്ടും മികവുകാട്ടുന്നു. പഞ്ചായത്ത് വിലകൊടുത്തു വാങ്ങിയ 50 സെന്റ് സ്ഥലത്തിൽ 15 സെന്റിൽ ഒമ്പത് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ സ്ഥാപിച്ച് പഞ്ചായത്തിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. ജലജീവൻ മിഷനിൽ 3,500- കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാക്കി. എംസിഎഫ്, മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, അങ്കണവാടികൾ എന്നിവക്കും സ്ഥലംവകയിരുത്തി. കഞ്ഞിപ്പാടം വൈശ്യം ഭാഗം പാലത്തിൽ 27 എൽഇഡി ലൈറ്റുകൾ സ്ഥാപിച്ച് പാലത്തിലെ രാത്രി സഞ്ചാരം സുഗമമാക്കായതിനൊപ്പം പഞ്ചായത്തിലാകമാനം 37 മിനി മാസ്റ്റ് ലൈറ്റുകളും ഒരു ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചു.സ്‌മാർട്ട് അങ്കണവാടികൾ നാലെണ്ണം സ്ഥാപിച്ചപ്പോൾ അതിലൊന്ന് എയർ കണ്ടീഷനുമാക്കി.









0 comments