വിജയക്കൊടി നാട്ടാൻ ആലപ്പുഴയുടെ ‘ചിത്തൻ’

ആലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്ജൻ ചെത്തി പ്രദേശത്ത് വോട്ടർമാരുമായി സൗഹൃദ സംഭാഷണത്തിൽ
അഞ്ജുനാഥ്
Published on Mar 24, 2026, 01:37 AM | 1 min read
ആലപ്പുഴ
എൽഡിഎഫിന്റെ ആലപ്പുഴ മണ്ഡലം കൺവൻഷൻ കഴിഞ്ഞസമയം. സ്ഥാനാർഥി പി പി ചിത്തരഞ്‌ജൻ പ്രവർത്തകരോട് സംസാരിച്ചുനിൽക്കുകയാണ്. അപ്പോഴാണ് ഒരു കുട്ടിയുടെ നീട്ടിയുള്ള വിളി ‘‘ചിത്തരഞ്‌ജാ’’.. സ്ഥാനാർഥിയും കൂടെയുള്ളവരും അതുകേട്ട് പൊട്ടിച്ചിരിച്ചു. ഒരു സഹപാഠിയെപ്പോലെ തന്നെ പേരെടുത്തുവിളിച്ച ആറോ ഏഴോ വയസുമാത്രം പ്രായമുള്ള കുട്ടിയുടെ അടുത്തെത്തി കെട്ടിപ്പിടിച്ച് ചിത്തരഞ്‌ജൻ സൗഹൃദം പങ്കിട്ടു. കൺവൻഷൻ ഉദ്‌ഘാടനംചെയ്‌ത സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം വിജൂ കൃഷ്‌ണനും കുട്ടിയുടെ കവിളിൽ തട്ടി. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ വന്ന കമന്റുകളിൽ ഒന്ന് ‘കുട്ടികൾ വരെ പേരെടുത്ത് വിളിക്കുമ്പോൾ ആ എംഎൽഎ അവിടെ ആരായിരുന്നു’ എന്നായിരുന്നു. ആലപ്പുഴയുടെ പ്രിയപ്പെട്ട ‘ചിത്തൻ’ എന്നും ഇങ്ങനെയാണ്. ഏതുപ്രായത്തിലുള്ളവരെയും വീട്ടിലെ ഒരു അംഗത്തെപ്പോലെ പേരെടുത്ത് വിളിക്കാൻ കഴിയുന്ന ആത്മബന്ധം. ഇതിനൊപ്പം ആലപ്പുഴയിൽ അഞ്ച് വർഷമായി നടപ്പാക്കിയ സമാനതകളില്ലാത്ത വികസനത്തിന്റെയും കരുത്തിലാണ് പി പി ചിത്തരഞ്‌ജൻ വീണ്ടും ജനവിധി തേടുന്നത്. തീർത്തും സാധാരണക്കാരായ മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് ചിത്തന്റെ ജനനം. സാധാരണക്കാരോട് തോളോട് തോൾ ചേർന്നുനിന്ന് പ്രവർത്തിച്ചു. മണ്ഡലത്തിനെ അടിമുടി നവീകരിക്കുന്ന വികസനപദ്ധതികൾ നടപ്പാക്കി. ചെത്തി ഹാർബർ, ആധുനിക നിലവാരത്തിലുള്ള റോഡുകൾ, പാലങ്ങൾ, സ്‌കൂൾ കെട്ടിടങ്ങൾ തുടങ്ങി മണ്ഡലത്തിൽ എവിടെ തിരിഞ്ഞാലും എംഎൽഎയുടെ കൈയൊപ്പുള്ള വികസനപദ്ധതികൾ മാത്രം. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ ആദ്യറൗണ്ട് സന്ദർശനം പൂർത്തിയാക്കി. സ്ഥാനാർഥി പര്യടനം ഉടൻ ആരംഭിക്കും. സ്ഥാനാർഥി നിർണയത്തിലുണ്ടായ തർക്കങ്ങളും ഗ്രൂപ്പ് വൈരങ്ങളും യുഡിഎഫ്, എൻഡിഎ മുന്നണികളെ ഉലയ്‌ക്കുകയാണ്. സ്ഥാനാർഥി പട്ടികയിൽ അവസാനനിമിഷം വരെയുണ്ടായിരുന്ന റീഗോ രാജുവിനെ വെട്ടിമാറ്റിയാണ് എ ഡി തോമസ് യുഡിഎഫ് സ്ഥാനാർഥിയായത്. ആലപ്പുഴയിൽ മത്സരിക്കാനിരുന്ന മുതിർന്ന നേതാക്കളെ തഴഞ്ഞാണ് ബിജെപി കോൺഗ്രസ് വിട്ട എം ജെ ജോബിനെ സ്ഥാനാർഥിയാക്കിയത്. ഇതിനെതിരെ ബിജെപിയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.










0 comments