ബജറ്റ് ദിവസത്തെ കൈയേറ്റം
കൗൺസിൽ യോഗം ബഹളത്തിൽ പിരിഞ്ഞു

ആലപ്പുഴ
നഗരസഭാ ബജറ്റ് അവതരണവേളയിലുണ്ടായ പ്രശ്നത്തിലും പൊലീസിന്റെ അതിക്രമത്തിലും നഗരസഭാധ്യക്ഷയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ ഇടപെടലിനെത്തുടർന്ന് വെള്ളിയാഴ്‌ച ചേർന്ന നഗരസഭായോഗം വാഗ്വാദവും ബഹളവുമായി പിരിഞ്ഞു. ബഹളത്തിനിടെ അജൻഡകൾ വായിച്ച് പാസാക്കിയതായി പ്രഖ്യാപിച്ചശേഷം നഗരസഭാധ്യക്ഷ മോളി ജേക്കബ് തിടുക്കത്തിൽ കൗൺസിൽ ഹാൾ വിട്ടുപോയി. ബിജെപി അംഗങ്ങൾ തർക്കത്തിൽനിന്ന് വിട്ടുനിന്നു. കൗൺസിൽ നടപടിയുടെ ഭാഗമായി അജൻഡ വായിക്കാൻ തുടങ്ങിയപ്പോൾ എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ വി ജി വിഷ്‌ണു സംസാരിക്കാൻ എഴുന്നേറ്റു. അജൻഡകൾക്ക് ശേഷം സംസാരിക്കാമെന്നായി നഗരസഭാധ്യക്ഷ. തടസപ്പെടുത്തുന്ന നടപടി ശരിയല്ലെന്ന് വിഷ്‌ണു പറഞ്ഞു. "ബജറ്റ് ദിവസം അംഗീകരിക്കാനാകാത്ത സംഭവങ്ങളാണ് ഹാളിൽ സംഭവിച്ചത്. സംസാരിക്കാൻ സമയം ചോദിച്ചതിന് ജനപ്രതിനിധികളെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്. എൽഡിഎഫിന്റെ 22 കൗൺസിലർമാർക്കെതിരെ കേസെടുത്തു. താനുൾപ്പെടെയുള്ളവർ പൊലീസ് കസ്‌റ്റഡിയിലായപ്പോൾ കൗൺസിൽ യോഗം ചേർന്ന് ജനോപകാരപ്രദമല്ലാത്ത കാര്യങ്ങൾ ചർച്ചചെയ്‌തു. അന്നത്തെ പ്രശ്നം സമന്വയത്തിലൂടെ പരിഹരിക്കാനായിരുന്നു നഗരസഭാധ്യക്ഷ ശ്രമിക്കേണ്ടിയിരുന്നത്’ വിഷ്‌ണു പറഞ്ഞു. തുടർന്ന് പ്രതിപക്ഷത്തുനിന്ന് മായ രാജേന്ദ്രൻ സംസാരിച്ചതോടെ ഭരണപക്ഷ കൗൺസിലർമാർ ബഹളവുമായി രംഗത്തെത്തി. പ്രതിപക്ഷം പ്രതിഷേധിച്ചതിനിടെ അജൻഡ പാസാക്കിയതായി നഗരസഭാധ്യക്ഷ പ്രഖ്യാപിച്ചു. മാർച്ച് നാലിന് ബജറ്റ് അവതരണത്തിനുശേഷം ബജറ്റ് ചർച്ചവേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തെയും ബഹളത്തെയും തുടർന്ന് നഗരസഭാധ്യക്ഷ പൊലീസിനെ വിളിക്കുകയായിയിരുന്നു.










0 comments