തിരക്കോട് തിരക്ക്; ഉണർവിൽ വിപണി
അടിച്ചുകയറി ആഘോഷം

ആലപ്പുഴ സക്കറിയ ബസാറിലെ ഫിഷ് മാർക്കറ്റിലെ തിരക്ക്
ആലപ്പുഴ
പതിവിലും കൂടുതൽ തണുത്ത ഡിസംബറിൽ ക്രിസ്‌മസ് തലേന്ന് വിപണിക്ക് ചൂടുപിടിച്ചു. ക്രിസ്‌മസ് ആഘോഷങ്ങൾക്ക് മോടികൂട്ടാൻ ജനം തെരുവിലറങ്ങിയതോടെ ബുധനാഴ്‌ച അനുഭവപ്പെട്ടത് വലിയതിരക്ക്. വിലക്കയറ്റം നിയന്ത്രിക്കാർ സർക്കാർ നടത്തിയ ഇടപെടലുകളും കുടിശ്ശിക ഉൾപ്പെടെ മൂന്ന് മാസത്തെ പെൻഷൻ സാധാരണക്കാരുടെ കൈകളിൽ എത്തിയതും വിപണിയിൽ പ്രതിഫലിച്ചു. പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചുമുതൽ 50 ശതമാനംവരെ വിലക്കുറവുമാണ് സപ്ലൈകോയുടെ സമ്മാനം. സബ്സിഡി സാധനങ്ങൾക്കും വിലകുറച്ചു. താലൂക്കുകളിലെ ക്രിസ്‌മസ് വിപണികൾക്ക് പുറമേ 97 ഒൗട്ട്‌ലെറ്റിലും ആനുകൂല്യങ്ങൾ ലഭ്യമാക്കി. കൺസ്യൂമർ ഫെഡും വിലക്കുറവിന്റെ വിപണികളൊരുക്കി ആശ്വാസമായി. മത്സ്യ, മാംസാദികൾക്ക് തീൻമേശകളിൽ ഇടം നഷ്‌ടമായ നോമ്പുകാലത്തിന് പരിസമാപ്‌തി കുറിക്കുന്ന ദിവസം ഇറച്ചി, മീൻ കടകൾക്ക് മുന്നിലായിരുന്നു വലിയ തിരക്ക്. മലയാളിയുടെ ഇഷ്‌ടവിഭവമായ ബീഫും മീനും വിപണിയിൽ കത്തിക്കയറി. പലയിടങ്ങളിലും വിൽപ്പനകേന്ദ്രങ്ങൾക്ക് മുന്നിൽ രാവിലെമുതൽ ആവശ്യക്കാരുടെ ചെറുതും വലുതുമായ നിരകൾ. ബീഫ് കിലോയ്‌ക്ക് 380 മുതൽ 420 വരെയായിരുന്നു വില. പക്ഷിപ്പനി ചിക്കൻ വിൽപ്പനയെ കാര്യമായി ബാധിച്ചിട്ടില്ല. വ്യാപരകേന്ദ്രങ്ങളിൽ സാധാരണപോലെ കച്ചവടം നടന്നു. ചിക്കൻ മീറ്റിന് 230–250 രൂപയ്‌ക്ക് ഇടയിലും ലൈവിന് 155 മുതൽ 175 വരെയാണ് വില. മട്ടനും പോർക്കിനും വിപണിയിൽ പതിവ് പോലെ ആവശ്യക്കാരുണ്ടായിരുന്നു. മട്ടൻ കിലോ 1000 രൂപവരെയായിരുന്നു നിരക്ക്. പോർക്കിന് 360–380 ഇടയിൽനിന്നു. ആലപ്പുഴയുടെ ക്രിസ്‌മസ് ഒരുക്കത്തിൽ അടിച്ചുകയറിയത് മീൻ വിപണിയാണ്. ആഘോഷങ്ങളോട് അനുബന്ധിച്ച് വലിയ മത്സ്യങ്ങൾക്കായിരുന്നു ആവശ്യക്കാർ ഏറെ. സ്രാവ് കിലോയ്‌ക്ക് 500–540, ആവോലി–750–780, നെയ്‌മീൻ–800–840, ചെമ്മീൻ വലുത്–700, ചെമ്മീൻ ചെറുത്–500 എന്നിവരായിരുന്നു വിലയേറിയ താരങ്ങൾ. ചൂര–280–300, ഏട്ട–400, അമൂർ–450, കാളാഞ്ചി എന്നിവരും അരങ്ങുവാണു.










0 comments