ad
Deshabhimani

നെല്ല്‌ സംഭരണം പൂർത്തിയാകുന്നു

വിവിധ പാടശേഖരത്തിൽനിന്ന് കൊയ്തുകൊണ്ടുവന്ന നെല്ല്  നെടുമുടി പാലത്തിന്  സമീപത്ത്മില്ലിലേക്ക് കൊണ്ടുപോകാൻ ലോറിയിലേക്ക് കയറ്റുന്ന തൊഴിലാളികൾ
avatar
സ്വന്തം ലേഖകൻ

Published on Apr 18, 2026, 01:18 AM | 2 min read

ആലപ്പുഴ

കുട്ടനാടൻ പാടശേഖരങ്ങളിൽ നെല്ല്‌ സംഭരണം പൂർത്തിയാകുന്നു. സംഭരണത്തിന്‌ തുരങ്കംവയ്‌ക്കുന്ന നടപടിയുമായി ഒരു വിഭാഗം മില്ലുടമകൾ മുന്നോട്ടുപോകുന്നതിനിടെയാണ്‌ ജില്ലയിൽ 90 ശതമാനം കൊയ്ത്ത്‌ പൂർത്തിയാക്കി സംഭരണത്തിന്‌ സപ്ലൈകോ അലോട്ട്‌ ചെയ്തത്. ഇ‍ൗ സ‍ീസണിൽ ജില്ലയിൽ 131050.29 മെട്രിക്ക്‌ ടൺ നെല്ല്‌ സംഭരിക്കാനാകുമെന്നാണ്‌ സപ്ലൈകോ പ്രതീക്ഷിക്കുന്നത്‌. ഇതിൽ 120558.69 മെട്രിക്ക്‌ ടൺ നെല്ല്‌ സംഭരിക്കാനുള്ള അനുമതി 43 മില്ലുകാർക്ക്‌ നൽകി. വെള്ളിയാഴ്‌ച വരെ സംഭരിച്ച 41729.365 മെട്രിക്ക്‌ ടൺ നെല്ലിനാണ്‌ പിആർഎസ്‌ നൽകിയത്‌. സംഭരിക്കുന്ന നെല്ലിന്റെ 68 ശതമാനം അരിയായിരിക്കണം എന്ന കേന്ദ്രനിർദേശത്തെ തുടർന്നാണ്‌ ചില മില്ലുടമകൾ നിസഹകരണം തുടങ്ങിയത്. ഔട്ട്ടേൺ റേഷ്യോ വലിയ നഷ്ടമുണ്ടാകുന്നതായും ഇതിൽ ഇളവനുവദിക്കണമെന്നുമുള്ള ആവശ്യം പരിഗണിച്ച്‌ സംസ്ഥാന സർക്കാർ ഇത്‌ 66.5 കിലോയായി നിശ്ചയിച്ചു. കേന്ദ്ര മാനദണ്ഡപ്രകാരം വ്യത്യാസംവരുന്ന ഒന്നരക്കിലോ അരിയുടെ വില സംസ്ഥാന സർക്കാർ മില്ലുകൾക്ക്‌ നഷ്ടപരിഹാരമായി നൽകുമെന്നും ഉത്തരവ് ഇറക്കി. ഇതിനു പുറമെയാണ്‌ മില്ലുടമകൾ കിഴിവിൽ നെല്ല്‌ സംഭരിച്ചത്‌. ഗുണനിലവാരമുള്ള നെല്ലിനുപോലും ക്വിന്റലിന്‌ മൂന്ന്‌ മുതൽ 20 കിലോവരെ കിഴിവ് ഇ‍ൗടാക്കി. കാലാവസ്ഥാ വ്യതിയാനത്താലുണ്ടായ അമിത ചൂടുമൂലം പല പാടശേഖരങ്ങളിലും വിളവിൽ കുറവുണ്ടായിട്ടുണ്ട്‌. കർഷകരുടെ ദുരവസ്ഥയെ സ്വകാര്യമില്ലുകാർ ചൂഷണം ചെയ്തതായും ആക്ഷേപമുണ്ട്‌. കേന്ദ്രം പ്രഖ്യാപിച്ച 23.65 രൂപയ്‌ക്ക്‌ പുറമേ 6.80 രൂപ അധികം നൽകി 30 രൂപയ്‌ക്കാണ്‌ സംസ്ഥാന സർക്കാർ നെല്ല്‌ സംഭരിക്കുന്നത്‌. നെൽകർഷകർക്ക്‌ സംസ്ഥാന സർക്കാർ അധികതുക അനുവദിക്കരുതെന്ന്‌ കേന്ദ്രം സംസ്ഥാന സർക്കാരിനോട്‌ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇത്‌ മറികടന്നാണ്‌ സംസ്ഥാന സർക്കാർ കർഷകർക്ക്‌ അധികബോണസ്‌ അനുവദിക്കുന്നത്‌ തുടർന്നുവരുന്നത്‌. ​കേന്ദ്രം നൽകാനുള്ളത്‌ 1300 കോടി മാർച്ച്‌ 18 വരെ പിആർഎസ്‌(കൈപ്പറ്റ്‌ രസീത്‌) നൽകിയ കർഷകരുടെ പണം സപ്ലൈകോ നൽകിയിട്ടുണ്ട്‌. കനറ ബാങ്കും എസ്‌ബിഐയും മുഖേനയാണ്‌ സംഭരിച്ച നെല്ലിന്‌ പണം നൽകുന്നത്‌. പിആർഎസ്‌ വായ്‌പാ പദ്ധതിയിലൂടെ നെൽവില ബാങ്കിൽനിന്ന്‌ ലഭ്യമാക്കുന്നത്‌ കേരളത്തിൽ മാത്രമാണ്‌. പലിശയും മുതലും ചേർത്തുള്ള വായ്‌പ തിരിച്ചടയ്‌ക്കുന്നത്‌ സംസ്ഥാന സർക്കാരാണ്‌. ബാങ്കുകൾക്ക്‌ പണം നൽകിയാലേ ബാങ്കുകൾ കർഷകർക്ക്‌ പണം നൽക‍‍ൂ. കേന്ദ്ര സർക്കാരിൽനിന്ന്‌ 1300 കോടി രൂപ കേരളത്തിന്‌ ലഭിക്കാനുണ്ട്‌. കഴിഞ്ഞ മൂന്ന്‌ മാസത്തെ കണക്ക്‌ പ്രകാരം 300 കോടി ര‍ൂപ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കാനുണ്ട്‌. പല കാരണങ്ങൾ പറഞ്ഞ്‌ തുക തടഞ്ഞുവയ്‌ക്കുകയാണ്‌ കേന്ദ്രം. കേന്ദ്രസർക്കാരിന്റെ 300 കോടി ലഭിച്ചാൽ നെല്ല്‌സംഭരണത്തിന്റെ മുഴുവൻ തുകയും കർഷകർക്ക്‌ നൽകാനാവും. സംസ്ഥാന വിഹിതമായി സബ്‌സിഡി നൽകിയ 50 കോടി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്‌. സംഭരിച്ച നെല്ലിന്റെ പണം വൈകുന്നത്‌ വായ്‌പയെടുത്ത്‌ കൃഷിക്കിറങ്ങിയ കർഷകരെ പ്രതിസന്ധിയിലാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home