മാല വലിഞ്ഞുമുറുകി കഴുത്തിന് പരിക്ക്
ബസ് കാത്തുനിന്ന സ്‌ത്രീയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ചു

കാർത്തികപ്പള്ളി
ആറാട്ടുപുഴ രാമഞ്ചേരിയിൽ ബസ് കാത്തുനിന്ന സ്‌ത്രീയുടെ സ്വർണമാല സ്‌കൂട്ടറിലെത്തിയയാൾ പൊട്ടിച്ചെടുത്തു. രാമഞ്ചേരി ലീലഭവനത്തിൽ ഷീലയുടെ (46) മൂന്നരപ്പവന്റെ മാലയാണ് നഷ്‌ടപ്പെട്ടത്. വെള്ളി രാവിലെ 8.45ന് വലിയഴീക്കൽ- –തൃക്കുന്നപ്പുഴ റോഡിൽ രാമഞ്ചേരി ജ്യോതിനഗറിലാണ് സംഭവം. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാനാണ് ഷീല ബസ്‌സ്‌റ്റോപ്പിലെത്തിയത്. റോഡിന് കിഴക്കുവശം മറ്റൊരു സ്‌ത്രീയോട് സംസാരിച്ചുനിൽക്കുമ്പോഴാണ് സ്‌കൂട്ടറിൽ വന്ന് മാല വലിച്ചുപൊട്ടിച്ചത്. മാല വലിഞ്ഞുമുറുകി ഷീലയുടെ കഴുത്തിന് ചെറിയ പരിക്കുണ്ട്. കറുത്ത നിറത്തിലുള്ള സ്‌കൂട്ടറിൽ ഹെൽമെറ്റ് ധരിച്ചാണ് മോഷ്‌ടാവെത്തിയത്. മാല പൊട്ടിച്ചശേഷം ഇയാൾ അതിവേഗത്തിൽ പെരുമ്പള്ളി ഭാഗത്തേക്കാണ് ഓടിച്ചുപോയത്. തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്.










0 comments